തിരുവനന്തപുരം: അടുത്ത തിരഞ്ഞെടുപ്പിൽ കേരളത്തിൽ അധികാരത്തിലെത്തുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലും ബിജെപി സർക്കാർ രൂപീകരിക്കുമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവന അതിരു കവിഞ്ഞ ആഗ്രഹമാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
ന്യൂനപക്ഷങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണെന്നും അതിന് കാരണക്കാർ ആരാണെന്നും തീക്ഷ്ണമായ അനുഭവങ്ങളിലൂടെ ഈ നാട്ടുകാർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. സംഘപരിവാറിന്റെ കടുത്ത പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങൾക്ക് ബിജെപി അനുകൂല നിലപാട് സ്വീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.
ചില താൽക്കാലിക ലാഭങ്ങൾക്കായി ആരെങ്കിലും നടത്തുന്ന നീക്കുപോക്കുകൾ ന്യൂനപക്ഷത്തിന്റെ പൊതുസ്വഭാവമാണെന്ന് കരുതുന്നത് ഭീമാബദ്ധമാണ്. വർഗീയ ശക്തികൾക്ക് കേരളത്തിന്റെ മണ്ണിൽ സ്ഥാനമുണ്ടാകില്ലെന്ന് ഈ നാട് എക്കാലത്തും വ്യക്തമാക്കിയിട്ടുണ്ട്. മതനിരപേക്ഷതയുടെ കേരളമാതൃക രാജ്യത്താകെ വേരുറപ്പിക്കുന്ന നാളുകളാണ് വരാനുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലും ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തിൽ അധികാരത്തിൽ വരുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. . ബിജെപി ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന കേരളത്തിലെ മിഥ്യാധാരണ തകർക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് കേരളത്തിലും ബിജെപി അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്.