കഫ് സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ച സംഭവം; നോയിഡയിൽ മൂന്നു കമ്പനി ജീവനക്കാര്‍ അറസ്റ്റിൽ

നോയിഡ: ഉസ്‌ബെക്കിസ്ഥാനിൽ 18 കുട്ടികളുടെ മരണത്തിന് കാരണമായതായി കണ്ടെത്തിയ ചുമയ്ക്കുള്ള മരുന്ന് നിർമ്മിച്ച കമ്പനിയിലെ മൂന്ന് പേർ അറസ്റ്റിൽ. നോയിഡ ആസ്ഥാനമായുള്ള മരിയോൺ ബയോടെക്കിൽ നിന്നുള്ള മൂന്ന് പേരാണ് അറസ്റ്റിലായത്. നേരത്തെ കമ്പനി പരിശോധിച്ച ഡ്രഗ് ഇൻസ്പെക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

കമ്പനിയിലെ 22 സാമ്പിളുകൾ ഹാജരാക്കിയത് മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി. മരിയോൺ ബയോടെക്കിന്റെ രണ്ട് ഡയറക്ടർമാർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി വൈകിയാണ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്. ജനങ്ങൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന വ്യാജ മരുന്ന് നിർമ്മാണത്തിൽ പിടിയിലായവർ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാണെന്ന് സെൻട്രൽ നോയിഡ എഡിസിപി രാജീവ് ദീക്ഷിത് പ്രതികരിച്ചു. കമ്പനിയുടെ മറ്റ് രണ്ട് ഡയറക്ടർമാർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായും പോലീസ് വിശദീകരിച്ചു.

സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. തുഹിന്‍ ഭട്ടാചാര്യ, അതുല്‍ റാവത്ത്, മൂല്‍ സിംഗ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. സ്ഥാപനത്തിന്‍റെ ഡയറക്ടര്‍മാരായ ജയാ ജെയിനും സച്ചിന്‍ ജെയിനും ഒളിവിലാണ്. ഹെഡ് ഓഫ് ഓപ്പറേഷന്‍, മാനുഫാക്ചറിംഗ് കെമിസ്റ്റ്, അനലിറ്റിക്കല്‍ കെമിസ്റ്റ് തസ്തികയില്‍ ജോലി ചെയ്തിരുന്നവരാണ് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്. വ്യാജ മരുന്ന് നിര്‍മ്മിച്ച് വില്‍പന നടത്തിയതടക്കമുള്ള കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

കഴിഞ്ഞ ഡിസംബറിലാണ് മാരിയോണ്‍ ബയോടെക് വിവാദത്തില്‍ കുരുങ്ങിയത്. ഇവിടെ നിര്‍മ്മിച്ച ചുമ മരുന്നായ ഡോക് 1 സിറപ്പ് ഇസ്ബെകിസ്ഥാനില്‍ 18 കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമായിരുന്നു. കമ്പനിയില്‍ നടത്തിയ പരിശോധനയില്‍ തിരിമറികള് കണ്ടെത്തിയതിന് പിന്നാലെ സ്ഥാപനത്തിന്‍റെ ലൈസന്‍സ് റദ്ദ് ചെയ്തിരുന്നു. നോയിഡ കേന്ദ്രമായ മാരിയോണ്‍ ബയോടെക് ഉല്‍പാദിപ്പിക്കുന്ന രണ്ട് മരുന്നുകള്‍ ഉസ്ബെകിസ്ഥാനിലെ കുട്ടികള്‍ ഉപയോഗിക്കരുതെന്ന് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു.

‘DOK-1-Max’ (DOK-1 Max), AMBRONOL (AMBRONOL) എന്നീ രണ്ട് മരുന്നുകളും ഉപയോഗിക്കരുതെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിട്ടുണ്ട്. സാമ്പിളുകൾ പരിശോധിച്ച് ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ലോകാരോഗ്യ സംഘടന ഇത്തരമൊരു നിർദേശം നൽകിയത്. നേരത്തെ, കഫ് സിറപ്പുകളിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ എന്ന രാസവസ്തുവിന്റെ സാന്നിധ്യം ഉണ്ടെന്ന് ഉസ്ബെക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയം കണ്ടെത്തിയിരുന്നു.

പശ്ചിമാഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ ഇന്ത്യയിൽ നിന്നുള്ള കഫ് സിറപ്പ് കഴിച്ച് 70 കുട്ടികൾ മരിച്ചെന്ന വിവാദത്തിന് പിന്നാലെയാണ് ഉസ്ബെക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

 

Print Friendly, PDF & Email

Leave a Comment

More News