ന്യൂയോർക്ക്: ന്യൂയോർക്ക് സംസ്ഥാന സെനറ്റിലെ ആദ്യ ഇന്ത്യൻ വംശജനും മലയാളിയുമായ സെനറ്റർ കെവിൻ തോമസിന് ഇത്തവണത്തെ ദുബായ് സന്ദർശനവും കേരളാ സന്ദർശനവും ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളാണ് സമ്മാനിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ദുബായിൽ വച്ച് നടത്തപ്പെട്ട “വേൾഡ് ഗവണ്മെന്റ് സമ്മിറ്റ്-2023” ഉച്ചകോടിയിൽ സംബന്ധിക്കുവാനും ആഗോളതലത്തിൽ തെരെഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം പ്രബന്ധ അവതാരകരിൽ ഒരാളായി പങ്കെടുക്കുവാനും ജനങ്ങളുടെ സ്വകാര്യതാ സംരക്ഷണത്തെപ്പറ്റി സംസാരിക്കുവാനുമാണ് കെവിന് അവസരം ലഭിച്ചത്. ഉച്ചകോടിയുടെ രണ്ടാം ദിവസം ദുബായിലെ മദിനത് ജുമേയ്‌റയിൽ വച്ച് നടത്തപ്പെട്ട “ടെക്നോളജി ആൻഡ് സൈബർ സെക്യൂരിറ്റി ഫോറ”-ത്തിൽ “ജനതയുടെ സ്വകാര്യതയും വിവരങ്ങളും സംരക്ഷിക്കുന്നത് സർക്കാരുകളുടെ ഉത്തരവാദിത്വമോ?” എന്ന വിഷയത്തിലാണ് സെനറ്റർ കെവിൻ സംസാരിച്ചത്.
“അതാത് രാജ്യങ്ങളിലെ പൗരന്മാരുടെ വിവരങ്ങളും സ്വകാര്യതയും സംരക്ഷിയ്ക്കുക എന്നത് ഓരോ സർക്കാരിന്റെയും ഉത്തരവാദിത്വമാണ്. ഇപ്പോൾ പല കമ്പനികളും അവരുടെ കച്ചവട താൽപര്യങ്ങൾക്കായി വിവിധ ആപ്പുകൾ വഴി വ്യക്തി വിവരങ്ങൾ ശേഖരിച്ചു മറ്റു വിദേശ രാജ്യങ്ങൾക്കു കൈമാറുന്നുണ്ട്. ഇത്തരം സ്വകാര്യത സംരക്ഷിക്കുക എന്നത് ഓരോ ഗവൺമെന്റിന്റെയും ഉത്തരവാദിത്വമാണ്. ഗൾഫ് രാജ്യങ്ങളിലെ എണ്ണയേക്കാൾ വിലപിടിച്ചതാണ് ഇപ്പോൾ വ്യക്തിഗത വിവരങ്ങൾ. മറ്റുള്ളവർക്ക് നമ്മുടെ മേലുള്ള നിയന്ത്രണത്തെക്കാൾ ഉപരിയായി നാം നമ്മെ തന്നെ നിയന്ത്രിക്കേണ്ടത് ഇന്നത്തെ ആവശ്യമാണ്” ഉച്ചകോടിയിൽ കെവിൻ പ്രസ്താവിച്ചു.
താൻ ദുബായിയുടെ കുഞ്ഞാണെന്നും തന്റെ ജനനവും കുട്ടിക്കാലവും ദുബായിലായിരുന്നെന്നും പിന്നീട് മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറി ന്യൂയോർക്ക് സെനറ്റർ ആകുവാൻ സാധിച്ചതിൽ അഭിമാനിക്കുന്നു എന്നും കെവിൻ സദസ്സിൽ പറഞ്ഞപ്പോൾ ശ്രോതാക്കളെല്ലാവരും ഹർഷാരവത്തോടെയാണ് അതിനെ സ്വീകരിച്ചത്.
ന്യൂയോർക്ക് സെനറ്റിലെ ഉപഭോക്തൃ സംരക്ഷണ സമിതിയുടെ ചെയർമാൻ കൂടിയായ സെനറ്റർ കെവിൻ ഈ അടുത്ത കാലത്ത് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുന്നത് സംബന്ധിച്ച് ഒരു നിയമം അവതരിപ്പിച്ചു ന്യൂയോർക്ക് സെനറ്റിൽ പാസ്സാക്കിയിരുന്നു. ബിസിനെസ്സ് ആവശ്യങ്ങൾക്കായി ഓരോ കച്ചവടക്കാരും ശേഖരിക്കുന്ന ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കേണ്ടത് അതാത് കച്ചവടക്കാരുടെ ഉത്തരവാദിത്വമാണ് എന്ന് ഈ നിയമം മൂലം ന്യൂയോർക്കിൽ നടപ്പിലാക്കി.
ദുബായിലെ ഉച്ചകോടി സമ്മേളനത്തിന് ശേഷം കേരളത്തിലെത്തിയ കെവിന് അവിടെയും ഊഷ്‌മള വരവേൽപ്പും അപൂർവ്വ നിമിഷങ്ങളുമാണ് ലഭിച്ചത്. മാരാമൺ പമ്പാ മണൽപ്പുറത്തു നടത്തപ്പെട്ട പ്രശസ്ത മാരാമൺ കൺവെൻഷനിൽ അഭിവന്ദ്യ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ തിരുമേനി ഒരു യോഗത്തിൽവച്ച് സെനറ്റർ കെവിനെ സദസ്സിന് പരിചയപ്പെടുത്തി പൂച്ചെണ്ട് നൽകി സ്വീകരിച്ചു. ന്യൂയോർക്ക് ക്വീൻസിലെ സെൻറ് ജോൺസ് മാർത്തോമ്മാ ഇടവക അംഗംകൂടിയായ കെവിൻ, അഭിവന്ദ്യ മെത്രാപ്പോലീത്ത തിരുമേനിക്ക് കഴിഞ്ഞവർഷം ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളിയിൽ വച്ച് നൽകപ്പെട്ട സ്വീകരണ യോഗത്തിൽ ഇന്ത്യൻ കോൺസുൽ ജനറലിനോടൊപ്പം സംബന്ധിച്ച് ആശംസകൾ അർപ്പിച്ചതും ഈ അവസരത്തിൽ തിരുമേനി അനുസ്‌മരിച്ചു.
ഇത്തവണത്തെ കേരളാ സന്ദർശനത്തിൽ കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെയും സന്ദർശിച്ച് സെനറ്റർ തന്റെ ആശയങ്ങൾ പങ്കുവച്ചു. കേരളത്തിൻെറ വികസനത്തിനായി വ്യവസായ മേഖലയുമായി സഹകരിക്കുവാനും ന്യൂയോർക്കിൽ നിന്നും നിക്ഷേപകരെ കേരളത്തിൽ എത്തിക്കുവാനും താൽപ്പര്യമുണ്ട് എന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. ഐ.ടി., ടൂറിസം ആരോഗ്യം എന്നീ മേഖലകളിൽ നിക്ഷേപ അവസരങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കി തരാമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ന്യൂയോർക്കിലുള്ള വിവിധ ഐ.ടി. കമ്പനികളുമായി ഇത് സംബന്ധിച്ച് സംസാരിക്കാമെന്ന് കെവിൻ ഉറപ്പു നൽകി. നോർക്ക സി.ഇ.ഓ. ഹരികൃഷണൻ നമ്പൂതിരി, വ്യവസായ – നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി കാർത്തികേയൻ എന്നിവരും പ്രസ്തുത കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
തിരുവനന്തപുരത്തെ ലുലു മാൾ സന്ദർശിച്ചതും തിരുവതാംകൂർ രാജകുടുംബത്തിന്റെ കവടിയാർ കൊട്ടാരത്തിലെ അതിഥി ആയതും മറ്റു സുവർണ്ണ മുഹൂർത്തങ്ങളായിരുന്നു കെവിനായി സമ്മാനിച്ചത്. ലുലു മാളിനുള്ളിൽ പ്രവേശിച്ചപ്പോൾ മറ്റേതോ വിദേശ രാജ്യത്ത് എത്തിയതുപോലുള്ള പ്രതീതി ജനിപ്പിച്ചു എന്ന് കെവിൻ അഭിപ്രായപ്പെട്ടു. ലുലു മാളിൽ അത്ര മനോഹരമായ ക്രമീകരങ്ങളാണ് ഉള്ളതെന്നും സെനറ്റർ പറഞ്ഞു.
നിലവിലുള്ള തിരുവതാംകൂർ ടൈറ്റുലർ മഹാരാജാവ് മൂലം തിരുനാൾ രാമ വർമ്മ രണ്ടാമൻറെ ( ശ്രീപത്‌മനാഭദാസ ശ്രീ മൂലം തിരുനാൾ രാമ വർമ്മ ) സഹധർമ്മിണി അമ്മച്ചി പനംപിള്ള അമ്മ ശ്രീമതി ഗിരിജാ തങ്കച്ചിയെ (ലണ്ടനിൽ ദീർഘകാലം റേഡിയോളോജിസ്റ്റ് ആയിരുന്ന ഡോ. ഗിരിജാ രാമ വർമ്മ) തിരുവന്തപുരത്ത് കവടിയാർ കൊട്ടാരത്തിൽ ചെന്ന് സന്ദർശിച്ചത് അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ചെന്ന് സെനറ്റർ കെവിൻ പറഞ്ഞു.
രാജ കുടുംബത്തിന്റെ ആതിഥേയത്വം ലഭിച്ചത് ജീവിതത്തിൽ മറ്റൊരു ധന്യ നിമിഷമായിരുന്നു എന്ന് കെവിൻ എപ്പോഴും സ്മരിക്കുന്നു. സെനറ്റർ ഓഫീസിലെ ഇന്ത്യൻ കമ്മ്യൂണിറ്റി ലയസൺ ഓഫീസർ അജിത് കൊച്ചൂസും സെനറ്റർ കെവിൻ തോമസും തമ്മിലുള്ള സംവാദത്തിലാണ് കെവിൻ തന്റെ മനസ്സു തുറന്ന് ഈ മുഹൂർത്തങ്ങളെ പങ്കു വച്ചത്.