എറണാകുളം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്‌കൂളുകൾക്ക് ജില്ലാ കളക്ടർ രേണു രാജ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. അതേസമയം, മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.
അന്തരീക്ഷത്തിൽ കനത്ത പുക ഉയരുന്ന പശ്ചാത്തലത്തിലാണ് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. വടവുകോട്– പുത്തൻകുരിശ് ഗ്രാമപ്പഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപ്പഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപ്പഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി നഗരസഭ എന്നിവിടങ്ങളിൽ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ ഒന്നുമുതൽ ഏഴുവരെ ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചു. ഇതിന് പുറമെ അങ്കണവാടികൾ, കിന്റർഗാർട്ടൻ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ മേഖലകളിൽ അന്തരീക്ഷത്തിൽ പുകയുടെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായിട്ടാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് ജില്ലാ കളക്ടർ രേണു രാജ് അറിയിച്ചു. അതേസമയം അവധി പൊതുപരീക്ഷകൾക്ക് ബാധകമല്ല. മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ന്ത്രിമാരായ പി. രാജീവ്, മന്ത്രി വീണാ ജോർജ്, എം.ബി. രാജേഷ്, എന്നിവരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ഇതിലാണ് സ്‌കൂളുകൾക്ക് അവധി നൽകാനുള്ള തീരുമാനം.