തിരുവനന്തപുരം: രണ്ടു വർഷത്തെ കാത്തിരിപ്പിന് ശേഷം ദേവിക്ക് പൊങ്കൽ അർപ്പിക്കാനുള്ള ഭാഗ്യം ലഭിച്ച് ആറ്റുകാൽ അമ്മയുടെ ഭക്തർ വീട്ടിലേക്ക് മടങ്ങുന്നു. ഉച്ചയ്ക്ക് 2.30ന് പണ്ടാര അടുപ്പിലെ പൊങ്കാല ദേവിക്ക് അർപ്പിച്ചശേഷം നഗരത്തിലെമ്പാടും പൂജാരിമാർ ഭക്തരുടെ അടുപ്പിൽ തീർഥം തളിച്ചു. ഇതോടെ സ്ത്രീകളുടെ ശബരിമലയിൽ നിന്ന് ദേവിക്ക് സമർപ്പിച്ച പ്രസാദത്തിന്റെ പുണ്യവുമായാണ് ഭക്തർ മടങ്ങുന്നത്.
രാവിലെ 10.30ഓടെ ക്ഷേത്രത്തിനകത്തെ പൂജകളും ചടങ്ങുകളും പൂർത്തിയാക്കി പണ്ടാര അടുപ്പിൽ തീ കൊളുത്തി. തിരുമേനി കെക്കേടത്ത് പരമേശ്വരര്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് മേല്‍ശാന്തിക്ക് ദീപം കൈമാറി. ഈ ദീപം സഹ മേല്‍ശാന്തിക്ക് കൈമാറി. വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുൻവശത്തെ പണ്ടാരയടുപ്പിലുമാണ് സഹമേൽശാന്തിമാർ തീ പകർന്നത്. ഇതിന് പിന്നാലെ സ്ത്രീകൾ പൊങ്കാല അടുപ്പുകളിൽ തീ പകർന്നു.
കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ കഴിഞ്ഞ രണ്ട് വർഷവും ഭക്തർ വീടുകളിലാണ് പൊങ്കാല അർപ്പിച്ചിരുന്നത്. അതിനാൽ അഭൂതപൂർവമായ ഭക്തജനത്തിരക്കിനാണ് ഇത്തവണ തലസ്ഥാന നഗരം സാക്ഷ്യം വഹിച്ചത്. ഇതര ജില്ലകളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നുമുള്ള ഭക്തർ ഇത്തവണയും ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിച്ചു.
പൊങ്കാലയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം രാത്രി 8.00 വരെ ഭാഗികമായി തുടരും. വഴിപാടുകൾ അർപ്പിച്ച് മടങ്ങുന്ന ഭക്തർക്കായി ഇന്ത്യൻ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. കെഎസ്ആർടിസി ബസുകളിലും സ്വകാര്യ വാഹനങ്ങളിലും ഭക്തർ വീടുകളിലേക്ക് മടങ്ങുകയാണ്. നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.