എടത്വ: ശുദ്ധ ജലക്ഷാമം മൂലം ദുരിതമനുഭവിക്കുന്ന 32 അന്തേവാസികൾ താമസിക്കുന്ന ആനപ്രമ്പാൽ ജെ.എം എം ജൂബിലി മന്ദിരത്തിൽ സൗഹൃദ വേദി ശുദ്ധജലമെത്തിച്ചു.കഴിഞ്ഞ ഒരാഴ്ചയായി ശുദ്ധജലമില്ലാത്ത അവസ്ഥയാണ് ഇവിടെ ഉണ്ടായിരുന്നത്. ദൂരെ സ്ഥലങ്ങളിൽ നിന്നും വെള്ളമെത്തിച്ച് ശുചികരിച്ചാണ് പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റുന്നത്.
ഈ ദുരവസ്ഥ മനസ്സിലാക്കിയാണ് സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി.ഇടിക്കുളയുടെ നേതൃത്വത്തിലുള്ള സംഘം ജൂബിലി മന്ദിരത്തിൽ ഉച്ചയോടെ കുടിവെള്ളവുമായി എത്തിയത്.
യുദ്ധകാലാടിസ്ഥാനത്തിൽ കുടിവെള്ളമെത്തിച്ച സൗഹൃദ വേദി സംഘത്തിനെ ജൂബിലി മന്ദിരം സൂപ്രണ്ട് റവ.ഡോ.ദാനിയേൽ മാമ്മൻ, ട്രസ്റ്റി ചെറിയാൻ വർഗ്ഗീസ് എന്നിവർ അഭിനന്ദിച്ചു.
പൊതു ടാപ്പുകൾ ഇല്ലാത്ത തലവടി പഞ്ചായത്തിലെ 12-ാം വാർഡിലെ സൗഹൃദ നഗറിൽ ഉടൻ തന്നെ കുടിവെള്ള വിതരണം ആരംഭിക്കും. റെന്നി തോമസ്, വിനോദ് പുത്തൻപറമ്പിൽ, സുരേഷ് പരുത്തിയ്ക്കൽ, വിൻസൻ പൊയ്യാലുമാലിൽ ,സാം വി. മാത്യൂ, സിയാദ് മജീദ് ,സുധീർ കൈതവന എന്നിവർ നേതൃത്വം നല്കുന്നു. തലവടി തെക്കെകരയിൽ പൊതു പൈപ്പിലൂടെ ശുദ്ധജലം ലഭിച്ചിട്ട് മൂന്ന് പതിറ്റാണ്ട് കഴിയുന്നു. കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും പ്രദേശത്തുള്ളവർ ആശ്രയിക്കുന്നത് തോടുകളെയും കിണറുകളെയുമാണ്. എന്നാൽ ഇപ്പോൾ തോടുകളിലെയും കിണറുകളിലെയും ജലനിരപ്പ് പൂർണ്ണമായി താഴ്ന്നു വറ്റിയത് മൂലം രൂക്ഷമായ ശുദ്ധജല ക്ഷാമം ആണ് ഈ പ്രദേശത്ത് അനുഭവിക്കുന്നത്. ഈ പ്രദേശത്ത് പൈപ് ലൈൻ സ്ഥാപിച്ച് ശുദ്ധജലം ലഭിക്കുന്നതുവരെ സമാന്തര കുടിവെള്ള വിതരണം ചെയ്യണമെന്ന് ബഹു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിട്ടുള്ളതാണ്. ശാശ്വത പരിഹാരമാവശ്യപ്പെട്ട് സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള മുഖ്യമന്ത്രിക്ക് നിവേദനം നല്കിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സാധ്യതപഠനം നടത്തി.