രണ്ട് വർഷങ്ങൾക്ക് മുമ്പ് ഡൽഹി എയർപോർട്ട് വഴി കൊച്ചിയിലേക്ക് യാത്ര ചെയ്യേണ്ടതായ സാഹചര്യം ഉണ്ടായി. എയർ പോർട്ടിലെ കാഴ്ചകൾ ജനാലയിലൂടെ കാണുവാനായി വെളിയിലേക്ക് നോക്കിയപ്പോൾ ഒന്നും തന്നെ കാണുവാൻ സാധിക്കുന്നില്ല. അന്തരീക്ഷമാകമാനം പുകയാൽ മൂടപെട്ടുകിടക്കുന്നു. എല്ലാ ഭാരതീയരും അഭിമാനിക്കുന്ന ന്യൂ ഡൽഹി എന്ന ഇന്ദ്രപ്രസ്ഥത്തിലെ അന്തരീക്ഷം ഇങ്ങനെയോ?
പഞ്ചാബ്, ഹരിയാന, യു പി എന്ന സംസ്ഥാനങ്ങളിലെ കർഷകർ വൈക്കോലുകൾ കത്തിക്കുന്നത് കൊണ്ടാണ് ഡൽഹിയിൽ അന്തരീക്ഷമലനീകരണം ഉണ്ടാകുന്നത് എന്നാണ് കേട്ടിരിക്കുന്നത്. എന്നാൽ അതിന്റെ ഭീകരത ഇത്രത്തോളം ഉണ്ടാവും എന്ന് നേരിട്ട് കാണുന്നതുവരെ കരുതിയിരുന്നില്ല. അനേകം വിദേശികൾ എത്തിച്ചേരുന്ന, രാജ്യത്തിൻറെ തലസ്ഥാനത്തിന്, അന്തരീക്ഷ മലിനീകരണം ഒരു തീരാ കളങ്കം തന്നെയാണ്. ഡൽഹി വാസികൾ എല്ലാദിവസവും ഈ പുക ശ്വസിച്ചുകൊണ്ട് എങ്ങനെയാണ് അവിടെ ജീവിക്കുന്നത്?
കൊച്ചിയിൽ എത്താറായപ്പോൾ വിമാനത്തിൽ നിന്നും താഴേക്ക് നോക്കി. മലകളും, പുഴകളും, നെൽപ്പാടങ്ങളും, കേരവൃക്ഷങ്ങളും, എല്ലായിടത്തും പച്ചപ്പും നിറഞ്ഞ അതിസുന്ദരമായ എൻ്റെ നാട്. ആകാശത്ത് നിന്നും അനേകം പ്രാവശ്യം കണ്ടിട്ടുള്ളതാണെങ്കിലും, ഓരോ പ്രാവശ്യം കാണുമ്പോഴും ഇതാദ്യത്തെ തവണയാണ് കാണുന്നത് എന്ന പ്രതീതി ജനിപ്പിക്കുന്ന,
കൊച്ചി എയർ പോർട്ടിനു വെളിയിൽ ഇറങ്ങിയപ്പോൾ ശുദ്ധ വായൂ മന്ദ മാരുതനായി സ്വാഗതം ഓതി.
ഡൽഹിയിലെ അന്തരീക്ഷത്തിന് വിപരീതമായ തെളിവാർന്ന നീലാകാശം.
ഹാവൂ എന്തൊരാശ്വാസം!
ശുദ്ധവായൂ എന്നുമാത്രമല്ല അന്തരീക്ഷത്തിനും സൂര്യനു മെല്ലാം തന്നെ ഒരു പ്രത്യേക ശോഭ. നാട്ടിലെത്തിയതിന്റെ അമിതാഹ്ളാദത്തിൽ നിന്നും കരകയറിയപ്പോൾ, സ്വർഗ്ഗത്തേക്കാൾ സുന്ദരമായ ഈ ദേശം വിട്ട് എന്തുകൊണ്ടാണ് ജനങ്ങൾ വിദേശങ്ങളിൽ കുടിയേറുന്നത് എന്നാലോചിച്ചു?
ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ രാജ്യങ്ങളിൽ എത്തുന്ന യുവജനങ്ങൾ അവിടുത്തെ ജീവിത നിലവാരവും, ജോലിസാധ്യതയും മനസിലാക്കി അങ്ങോട്ടേക്ക് ചേക്കേറുന്നു. മറ്റുചിലരാകട്ടെ വിദേശങ്ങളിൽ ജോലിചെയ്താൽ, നാട്ടിൽ ലഭിക്കുന്നതിൻറെ അനേക മടങ്ങ് വരുമാനം ലഭിക്കും എന്ന
തിരിച്ചറിവിൽ നിന്നാണ് നാടുവിടുന്നത്. വിദേശ രാജ്യങ്ങളിലെ, സ്വാതന്ത്ര്യം, തുല്യനീതി, മെച്ചപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായം, ആധുനിക ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ എന്നിവയെല്ലാം മലയാളികളെ അവിടങ്ങളിലേക്ക് ആകര്ഷിച്ചുകൊണ്ടേയിരിക്കുന്നു.
ഡൽഹിയിലെ പുക അനുഭവിച്ചപ്പോൾ അതിൽ നിന്നുണ്ടാകുന്ന അസുഖങ്ങളെ കുറിച്ചറിയാൻ ഇന്റർനെറ്റിൽ പരതി. അവിടത്തെ പുകയിൽ, കാർബൺ ഡൈ ഓക്സൈഡ്, കാർബൺ മോണോ ഓക്സൈഡ്, സൾഫർ ഡൈ ഓക്സൈഡ്, നൈട്രജൻ ഓക്സൈഡ്, മീതെയിൻ, ഓസോൺ എന്നീ വാതകങ്ങൾ അടങ്ങിയിരിക്കുന്നു. ആസ്മ, ബ്രോംകൈറ്റിസ്, നുമോണിയ, ലങ്ങ് ക്യാൻസർ മുതലായ രോഗങ്ങൾ ഇതുമൂലം സംഭവിക്കാം. അടുത്ത സമയത്ത് ബ്രഹ്മപുരത്തെ ഗാർബേജ് കത്തിയ പുകയിൽ ഡൈഓക്സിൻസ് , ഫുറാൻസ് , ആർസെനിക്, മെർക്കുറി, ലെഡ്, കാർബൺ മോണോ ഓക്സൈഡ്, നൈട്രജൻ ഓക്സൈഡ്, പൊളി ക്ളോറിനേറ്റഡ് ബൈ ഫിനൈൽ എന്നീ വാതകങ്ങളും അടങ്ങിയിരിക്കുന്ന. നേരത്തെ സൂചിപ്പിച്ച എല്ലാവിധ ശ്വാസ കോശ സംബന്ധമായ രോഗങ്ങളും ഇതുമൂലം സംഭവിക്കാം.
യുവജനങ്ങൾ കൂട്ടത്തോടെ വിദേശങ്ങളിലേക്ക് കുടിയേറിപാർക്കുന്നത് ഇപ്പോൾ തന്നെ കേരളത്തിലെ ഭയാനകമായ ഒരു സാമൂഹിക പ്രശ്നമാണ്. നാടുവിട്ടുപോകുന്നതിന്, ശുദ്ധ വായൂ ശ്വസിക്കുവാൻ വേണ്ടിയാണ് എന്ന ഒരുകാരണം കൂടി അവർ കണ്ടെത്തിയാൽ അവരെ കുറ്റം പറയാൻ സാധിക്കുമോ?