റെസ്പിറ്റോറി കെയറിൽ അടിസ്ഥാന വിദ്യാഭ്യാസം നേടിയ ഡോക്ടർ ലോകത്തു ആദ്യമായി ആ രംഗത്തെ പിഎച് ഡി നേടി: ഡോക്ടർ ജിതിൻ കെ. ശ്രീധരൻ. മറ്റു പല പിഎച് ഡിക്കാരും ശ്വാസകോശ ചികിത്സാ രംഗത്തുണ്ടെങ്കിലും അവരുടെയെല്ലാം അടിസ്ഥാന ബിരുദം മറ്റു രംഗങ്ങളിലാണ് .
BScRT, MScRT, FISQua, FNIV, FIARC എന്നീ ബിരുദങ്ങൾക്കു ശേഷമാണു ശ്രീധരൻ പിഎച് ഡി നേടുന്നത്.
മംഗലാപുരത്തെ ശ്രീനിവാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലൈഡ് ഹെൽത്ത് സയൻസിൽ നിന്നാണ് അദ്ദേഹം പിഎച് ഡി എടുത്തത്. 2017 ൽ ഈ രംഗത്തെ മികച്ച ഡോക്ടറേറ്റ് പ്രോഗ്രാമുകളിൽ ഒന്ന് ആരംഭിച്ച സ്ഥാപനത്തിൽ 2018 ലാണ് ശ്രീധരൻ ചേർന്നത്. അഞ്ചു വര്ഷം കൊണ്ടു ഡോക്ടറേറ്റ് ലഭിച്ചു.
രംഗത്ത് ഒട്ടേറെ ബിരുദധാരികൾ ഉണ്ടെന്നു ശ്രീധരൻ ചൂണ്ടിക്കാട്ടുന്നു. “അതു കൊണ്ട് പിഎച് ഡി വേറിട്ടു നില്ക്കാൻ സഹായിക്കും എന്ന ചിന്ത പ്രേരണയായി,” സൗദി അറേബ്യയിലെ ദഹ്റാനിൽ പ്രിൻസ് സുൽത്താൻ മിലിട്ടറി കോളജ് അധ്യാപകനായ ശ്രീധരൻ പറയുന്നു.
ഇന്ത്യയിലെ റെസ്പിറ്റോറി കെയർ ഗവേഷണ വിഷയമാക്കിയ ഡോക്ടർ പറയുന്നത് രാജ്യത്തു 1955 മുതൽ ഈ രംഗത്തെ ചികിത്സ ലഭ്യമായിരുന്നുവെങ്കിലും വേണ്ടത്ര വേഗത്തിൽ വികസിച്ചില്ല എന്നാണ്. ഫിസിഷ്യന്മാർ ഉൾപ്പെടെ മറ്റു രംഗങ്ങളിൽ ഉള്ളവർ ഈ ചികിത്സ നടത്തുന്നു എന്നതാണ് അതിനു കാരണം.
തന്റെ ഗവേഷണവും അധ്യാപന പരിചയവും ചികിത്സ രംഗത്തും പ്രയോജനപ്പെടുത്താം എന്നാണ് ഡോക്ടറുടെ ചിന്ത.
അന്താരാഷ്ട്ര ശ്വാസകോശ ചികിത്സ കൗൺസിലിന്റെ പ്രസിഡൻറ് ഡാനിയൽ ഡി. റൗളി ശ്രീധരന്റെ നേട്ടത്തിൽ ആവേശഭരിതനായി. ലോകത്തു ആദ്യമായി ഈ രംഗത്തു നിന്ന് പിഎച് ഡി നേടിയത് ശ്രീധരൻ ആണെന്നതിൽ അത്ഭുതമില്ലെന്നു അദ്ദേഹം പറഞ്ഞു. ഇത് ഈ രംഗത്തിനു തന്നെ നേട്ടമാണ്.