കൊച്ചി: കിലോഗ്രാമിന് 300 രൂപയ്ക്ക് കര്‍ഷകരില്‍ നിന്ന് നേരിട്ട് റബര്‍ സംഭരിക്കുവാനുള്ള ആര്‍ജ്ജവമുണ്ടോയെന്ന് കേന്ദ്രസര്‍ക്കാരും ബിജെപി നേതൃത്വവും ആദ്യം വ്യക്തമാക്കണമെന്നും പ്രഖ്യാപനങ്ങളല്ല ന്യായവിലയ്ക്ക് റബര്‍ സംഭരണത്തിന് തയ്യാറാകുകയാണ് വേണ്ടതെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
അനിയന്ത്രിത റബര്‍ ഇറക്കുമതിക്ക് കുടപിടിക്കുകയും നിലവിലുള്ള റബര്‍ ആക്ട് ഇല്ലാതാക്കാന്‍ നിയമനിര്‍മ്മാണം നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരും രാഷ്ട്രീയ ഭരണനേതൃത്വവും കിലോഗ്രാമിന് 300 രൂപ റബറിന് വേണമെന്ന കര്‍ഷകനിര്‍ദ്ദേശം വെല്ലുവിളിയായി ഏറ്റെടുക്കാന്‍ തയ്യാറാകണം. റബര്‍ ഉള്‍പ്പെടെ കാര്‍ഷികമേഖല കാലങ്ങളായി നേരിടുന്ന വിലത്തകര്‍ച്ച കര്‍ഷകരുടെ ജീവിത പ്രശ്‌നമാണ്. അതിനാല്‍ കര്‍ഷകരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവരോടൊപ്പം കര്‍ഷകരുണ്ടാകും. പ്രഖ്യാപനങ്ങള്‍ നടത്തി കര്‍ഷകരെ വിലയ്‌ക്കെടുക്കാമെന്ന് ആരും കരുതണ്ട. ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെയും സ്ഥിരനിക്ഷേപമാകാനും കര്‍ഷകരെ കിട്ടില്ല. വിവിധ രാജ്യാന്തര വ്യാപാരക്കരാറുകളിലൂടെ റബര്‍ കര്‍ഷകരെ ചതിക്കുഴിയിലേയ്ക്ക് തള്ളിയിട്ടവര്‍ സംരക്ഷകരുടെ കുപ്പായമിട്ടുവന്നാല്‍ തിരിച്ചറിയാന്‍ കര്‍ഷകര്‍ക്കാവുമെന്നും 2014 മുതലുള്ള പൊതുതെരഞ്ഞെടുപ്പുകള്‍ തെളിയിച്ചതാണ്. രാഷ്ട്രീയ അടിമത്വത്തില്‍ നിന്ന് പുറത്തുവന്ന് രാഷ്ട്രീയ നിലപാടുകളിലേയ്ക്ക് കര്‍ഷകര്‍ മാറുന്നില്ലെങ്കില്‍ നിലനില്പ് തന്നെ ചോദ്യം ചെയ്യപ്പെടും. കര്‍ഷകര്‍ക്കുവേണ്ടി സംസാരിക്കുമ്പോള്‍ വര്‍ഗീയവികാരവും സമൂഹത്തില്‍ വിഭാഗീയതയും സൃഷ്ടിക്കുന്ന സ്ഥിരം രാഷ്ട്രീയ കുതന്ത്രങ്ങള്‍ കാലഹര്‍ണപ്പെടും.
സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റുകളിലെ കോടികളുടെ വിലസ്ഥിരതാ ഫണ്ട് പ്രഖ്യാപനവും കര്‍ഷകരെ വിഢികളാക്കുന്നതാണ്. 500 കോടി പ്രഖ്യാപിച്ച 2021-22 ലാകട്ടെ 50 കോടി മാത്രമാണ് ചെലവഴിച്ചത്. 2022-23 വര്‍ഷം ഫെബ്രുവരി 16 വരെ കര്‍ഷകര്‍ക്ക് നല്‍കിയത് 33.195 കോടിയും. 2017 ല്‍ പ്രഖ്യാപിച്ച് 2021ല്‍ ആരംഭിച്ച റബര്‍ കമ്പനിയാകട്ടെ ഇതുവരെയും പ്രവര്‍ത്തനമില്ലാതെ ഇഴഞ്ഞുനീങ്ങുന്നു. 250 രൂപ അടിസ്ഥാനവിലയും പ്രഖ്യാപനങ്ങളില്‍മാത്രം നില്‍ക്കുമ്പോള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ചതിക്കുഴിയിലാണ് കര്‍ഷകരെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.