അൾസർ ചികിത്സയ്ക്കു വേണ്ടി ഉപയോഗിക്കുന്ന റാനിറ്റിഡിൻ അർബുദത്തിന് കാരണമാകുമെന്ന വാദം തള്ളിക്കളഞ്ഞിരിക്കുകയാണ് പ്രമുഖ സയൻസ് ജേണലായ നേച്ചർ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട്.
കൊച്ചി: ആമാശയത്തിലെ അൾസർ രോഗത്തിന്റെ ചികിത്സയ്ക്കു വേണ്ടി കഴിക്കുന്ന റാനിറ്റിഡിൻ, ക്യാൻസറിന് കാരണമാകില്ലെന്ന് ലോകത്തെ പ്രമുഖ മൾട്ടി ഡിസിപ്ലിനറി സയൻസ് ജേണലായ നേച്ചർ പ്രസിദ്ധീകരിച്ച ശാസ്ത്ര റിപ്പോർട്ടുകളിലെ പഠനത്തിൽ കണ്ടെത്തി. 12680 ഓളം റാനിറ്റിഡിൻ ഉപയോക്താക്കളുടെയും 12680 എച്ച് ടു ആർ എ (റാനിറ്റിഡിൻ പോലുള്ള മരുന്നുകൾ) ഉപയോക്താക്കളിലും നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ഇതോടുകൂടി റാനിറ്റിഡിൻ ഉപയോഗം ക്യാൻസറിന് കാരണമാകും എന്ന നീണ്ടകാലത്തെ വാദത്തിന് വിരാമമായിരിക്കുകയാണ്. പുതിയ കണ്ടെത്തലിന് കൂടുതൽ ആധികാരികത നൽകുന്ന വിവരങ്ങളാണ് നേച്ചറിന്റെ പഠനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ലബോറട്ടറി പഠനങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ട് മനുഷ്യനിൽ കാൻസർ രോഗത്തിന് കാരണമാകുന്ന എൻ-നൈട്രസോ ഡൈ മീതയിലമീന്റെ (എൻ ഡി എം എ) സാന്നിധ്യം 2019 ൽ പല റാനിറ്റിഡിൻ ഉൽപ്പന്നങ്ങളിലും അനിയന്ത്രിതമായ അളവിൽ കണ്ടെത്തിയതിനെ തുടർന്ന് വിപണികളിൽ നിന്നും റാനിറ്റിഡിൻ ഉൽപ്പന്നങ്ങളെ പിൻവലിക്കുവാനുള്ള നടപടി സ്വീകരിച്ചിരുന്നു.
എന്നാൽ പിന്നീട് നടന്ന പഠനങ്ങളിൽ, റിപ്പബ്ലിക് ഓഫ് കൊറിയയിലെ സുങ്ക്യുങ്ക്വാൻ സർവകലാശാലയിലെ പ്രധാന ഗവേഷകരിൽ ഒരാളായ ജു യംഗ് ഷിനും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും റാനിറ്റിഡിൻ ക്യാൻസറിന് കാരണമാകും എന്ന വാദത്തെ നിഷേധിച്ചുകൊണ്ട് രംഗത്ത് വന്നു. എൻ ഡി എം എ സാന്നിധ്യമുള്ള റാനിറ്റിഡിനിൽ ക്യാൻസർ ഉണ്ടാവാനുള്ള സാധ്യതകലുണ്ടെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് ജു യംഗ് ഷിനും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും അഭിപ്രായപ്പെടുന്നു.
“നേച്ചർ പ്രസിദ്ധീകരിച്ച ദക്ഷിണ കൊറിയൻ റെട്രോസ്പെക്റ്റീവ് പഠനം റാനിറ്റിഡിനും ക്യാൻസറും തമ്മിൽ യാതൊരുവിധ ബന്ധവുമില്ല എന്നുള്ള മുൻ പഠനങ്ങളുടെ വിലയിരുത്തലുകൾക്ക് കൂടുതൽ ശക്തി നൽകുന്നു. മരുന്നിന് 43 വർഷത്തോളം നീണ്ടുനിൽക്കുന്ന ചരിത്രമുണ്ട്. ലഭ്യമായ ശാസ്ത്രീയ തെളിവുകൾ വിലയിരുത്തുമ്പോൾ റാനിറ്റിഡിൻ സുരക്ഷിതമായി ഉപയോഗിക്കുവാൻ കഴിയും,” കൊച്ചിയിലെ എവർഷൈൻ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ. പ്രദീപ് മാത്യു പറഞ്ഞു.
നാല് ദശാബ്ദത്തോളമായി വിപണിയിൽ നിലനിൽക്കുന്ന റാനിറ്റിഡിൻ ലോകാരോഗ്യ സംഘടനയുടെ അവശ്യമരുന്നുകളുടെ പട്ടികയിൽ വളരെ വർഷങ്ങളായി ഉൾപ്പെട്ടിട്ടുള്ളതാണ്. പെപ്റ്റിക് അൾസർ രോഗം, ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗം, സോളിംഗർ-എലിസൺ സിൻഡ്രോം എന്നിവയുടെ ചികിത്സയ്ക്കുവേണ്ടി ഫലപ്രദമായി ഉപയോഗിക്കുന്ന മരുന്നാണ് റാനിറ്റിഡിൻ. വലുതും ചെറുതുമായ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഈ മരുന്ന് നിർമ്മിക്കുന്നു.
“ഏകദേശം മൂന്നു വർഷങ്ങളായാണ് റാനിറ്റിഡിനും ക്യാൻസർ ബാധയും തമ്മിലുള്ള ബന്ധത്തെ പറ്റിയുള്ള വാദപ്രതിവാദങ്ങൾ നടന്നുവരുന്നത്. എന്നാൽ നാല് ദശാബ്ദ കാലത്തോളമായി മരുന്ന് വിപണിയിൽ ലഭ്യമാണ്. 40 വർഷത്തോളമായി ഞാൻ ഈ മരുന്ന് ചികിത്സയ്ക്ക് വേണ്ടി ഉപയോഗിച്ചുവരുന്നു. നെഞ്ചരിച്ചിൽ, ദഹനക്കേട്, ആസിഡ് റിഫ്ലക്സ് എന്നീ രോഗങ്ങൾ അലട്ടുന്ന രോഗികളെ ചികിത്സിക്കുവാൻ വേണ്ടി വർഷങ്ങളായി ഞാനും എന്റെ സഹപ്രവർത്തകരും മരുന്ന് ഉപയോഗിക്കുകയാണ്. ഇക്കാലയളവിൽ ഒരു ക്യാൻസർ രോഗിയെ പോലും ഞാൻ കണ്ടിട്ടില്ല. നേച്ചറിൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠനം മരുന്ന് ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്ന് തെളിയിക്കുന്നു,” ഡൽഹിയിലെ എം എ എം സി ജി ബി പന്ത് ഹോസ്പിറ്റലിൽ മുൻ സീനിയർ പ്രിവന്റീവ് കാർഡിയോളജിസ്റ്റായ ഡോക്ടർ സുഭാഷ് സി ജയിൻ പറഞ്ഞു.
ഏറ്റവും പുതുതായി പുറത്തുവന്ന പഠനം റാനിറ്റിഡിനിലെ എൻ ഡി എം എ ഉൾപ്പെട്ടിട്ടുണ്ട് എന്നതിനും ക്യാൻസർ ബാധയ്ക്ക് കാരണമാകും എന്ന വാദത്തിനും തെളിവില്ല എന്ന് പ്രസ്താവിക്കുന്നതാണ്. നെഞ്ചെരിച്ചിലിനുള്ള മരുന്നായ സാന്റാക്കും (റാനിറ്റിഡിൻ) ക്യാൻസറും തമ്മിൽ ബന്ധമുണ്ടെന്ന് ആരോപിച്ച് സമർപ്പിച്ച 2,500 കേസുകൾ ഫ്ലോറിഡ കോടതി തള്ളിക്കളഞ്ഞിരുന്നു. മുഴുവൻ കേസുകളും വികലമായ ശാസ്ത്രത്തെ അടിസ്ഥാനമാക്കി സമർപ്പിച്ചതാണെന്നും കോടതി വിലയിരുത്തി. മെച്ചപ്പെട്ട പരിശോധനയിൽ ക്യാൻസർ രോഗത്തിന് ഈ മരുന്ന് കാരണമാകുന്നില്ല എന്നും കോടതി പറഞ്ഞു.