ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
കോടതി വിധി പ്രഖ്യാപിച്ച ഇന്നലെ മുതൽ രാഹുലിനെ അയോഗ്യനാക്കിയാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയത്. രണ്ട് വർഷത്തെ തടവ് ശിക്ഷ ലഭിച്ചതോടെ രാഹുൽ അയോഗ്യനാക്കപ്പെട്ടേക്കുമെന്ന് ഇന്നലെ തന്നെ നിയമവൃത്തങ്ങൾ സൂചന നൽകിയിരുന്നു. ഉത്തരവിന്റെ പകർപ്പ് രാഹുൽ ഗാന്ധിക്കും കേരള ചീഫ് ഇലക്ട്രറൽ ഓഫീസർക്കും അയച്ചിട്ടുണ്ട്. രാവിലെ കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ രാഹുൽ പങ്കെടുത്തിരുന്നു.
സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ വിധി പരിഗണിച്ചാണ് നടപടിയെന്ന് ലോക്‌സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിങ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 102(1)(ഇ) പ്രകാരവും 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പും പ്രകാരമാണ് നടപടി.
2019ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി സമുദായത്തിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിനാണ് രാഹുൽ ഗാന്ധിക്ക് കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്.