എടത്വ: തലവടി തെക്കെ കരയിൽ ശുദ്ധജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ആനപ്രമ്പാൽ തെക്ക് ബാലമുരളി പൗരസമിതിയുടെ നേതൃത്വത്തിൽ സൗഹൃദ വേദിയുടെ സഹകരണത്തോടെ സാൽവേഷൻ ആർമി പള്ളി ജംഗ്ഷനിൽ കുടിവെള്ളം വിതരണം ചെയ്തു. കൂടാതെ ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന കിയോസ്കിലും കുടിവെള്ളം നിറച്ചതായി സെക്രട്ടറി മനോജ് മണക്കളം അറിയിച്ചു.
കുടിവെള്ള വിതരണ ചടങ്ങ് സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് കുടിവെള്ള വിതരണം ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി വിൻസൻ പൊയ്യാലുമാലിൽ, സെക്രട്ടറി മനോജ് മണക്കളം, ട്രഷറാർ റോഷൻ കളത്തിൽ, ജോ.സെക്രട്ടറി ഉണ്ണികൃഷ്ണൻ പുത്തൻപുരയിൽ, ബാബു വഞ്ചിപുരയ്ക്കൽ, എന്നിവർ നേതൃത്വം നല്കി.
തോടുകളിലെയും പാടശേഖരങ്ങളിലെയും വാച്ചാലുകളിലെയും വെള്ളവും വറ്റിയതോടെ കിണറുകളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. പ്രാഥമിക ആവശ്യങ്ങൾക്കു ആശ്രയിച്ചിരുന്നത് തോട്ടിലെ വെള്ളം ആണ്. അതും മലിനമായതോടെ പ്രദേശവാസികൾ അനുഭവിക്കുന്നത് ഇരട്ടി ദുരിതമാണ്.
കഴിഞ്ഞ ആഴ്ച ബാലമുരളി പൗരസമിതി പ്രവർത്തകർ രക്ഷാസൈന്യം പള്ളിക്കടവിലെ മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നു. ഈ പ്രദേശത്ത് പൊതു ടാപ്പിലൂടെ ശുദ്ധജലമെത്തിയിട്ട് മൂന്ന് പതിറ്റാണ്ടുകൾ കഴിഞ്ഞു. റോഡുകൾ മണ്ണിട്ട് ഉയർത്തിയതോടെ പൊതു ടാപ്പുകൾ എല്ലാം മണ്ണിനടിയിലായി.