മലയാളിയുടെ പ്രിയ നടനും മുൻ എം പിയുമായ ഇന്നസെന്റിന് വിട നൽകി കേരളം. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തി.
രാവിലെ പത്തോടെ വീട്ടിൽ നിന്ന് വിലാപയാത്രയായി പള്ളിയിലേക്ക് കൊണ്ടുപോയി. 10.30ഓടെ പള്ളിയിലെത്തിച്ചു. 11.15ഓടെയാണ് സംസ്കാര ചടങ്ങുകൾ പൂർത്തിയായത്. ആസ്വാദക ഹൃദയങ്ങളിൽ ചിരിയും ചിന്തയും നിറച്ച അതുല്യ പ്രതിഭക്ക് യാത്രമൊഴിയേകാൻ ഇന്ന് രാവിലെയും ജനം അദ്ദേഹത്തിൻ്റെ വീട്ടിൽ എത്തിയെത്തിയിരുന്നു. കലാ, സാംസ്‌കാരിക, സിനിമാ, രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം നൂറുകണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാനായി കൊച്ചിയിലും ജന്മനാടായ ഇരിങ്ങാലക്കുടയിലുമെത്തിയത്. മന്ത്രിമാരായ ഡോ.ആർ ബിന്ദു, കെ രാജൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, സിനിമയിലെ സഹപ്രവർത്തകർ, നാട്ടുകാർ അടക്കമുള്ളവർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.
ഞായറാഴ്ച രാത്രി 10.30ന് ലേക് ഷോര്‍ ആശുപത്രിയില്‍ വച്ചാണ് ഇന്നസെന്റ് അന്തരിച്ചത്. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും ഇരിങ്ങാലക്കുട ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് എത്തിച്ചത്. ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
മലയാളികളെ എന്നും ചിരിപ്പിച്ചുകൊണ്ടിരുന്ന ഇന്നസെന്റ് വിട പറഞ്ഞെന്ന് ഇപ്പോഴും മലയാളികള്‍ക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണാന്‍ എത്തിയവര്‍ അത്രയേറെയായിരുന്നു. സെമിത്തേരിയില്‍ അപ്പച്ചന്റെയും അമ്മച്ചിയുടെയും അടുത്ത് ഒരുക്കിയിട്ടുള്ള കല്ലറയിലാണ് ഇന്നസെന്റിന് അന്ത്യവിശ്രമം ഒരുക്കിയിട്ടുള്ളത്.
പൊതുദര്‍ശനം ആരംഭിച്ചത് മുതലുള്ള അതേ തിരക്കായിരുന്നു സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായപ്പോള്‍ ഉണ്ടായിരുന്നത്. വീട്ടില്‍ നിന്ന് പ്രാര്‍ത്ഥനയ്ക്ക് ശേഷം കത്തീഡ്രലില്‍ പോകുന്ന വഴിയിലും ആയിരങ്ങളാണ് അദ്ദേഹത്തെ കാണാനായി എത്തിയത്. വഴിയില്‍ തടിച്ചുകൂടിയിരുന്ന പലരുടെയും കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.
എട്ടാം ക്ലാസില്‍ വച്ച് പഠനമുപേക്ഷിച്ച് അഭിനയമോഹവുമായി മദ്രാസിലേക്ക് യാത്ര തിരിക്കുകയായിരുന്നു ഇന്നസെന്റ്. സിനിമയിലെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായിട്ടാണ് തുടക്കം. 1972-ല്‍ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ സിനിമ. പിന്നീട് ഉര്‍വ്വശി ഭാരതി, ഫുട്‌ബോള്‍ ചാമ്പ്യന്‍, നെല്ല് തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയവേഷങ്ങള്‍ ചെയ്തു.
സിനിമയിലെ തുടക്കകാലത്ത് നിര്‍മ്മാണക്കമ്പനി ആരംഭിച്ചു. ഇളക്കങ്ങള്‍, വിടപറയും മുന്‍പെ, ഓര്‍മ്മക്കായി, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. നിര്‍മ്മാണക്കമ്പനി സാമ്പത്തികബാധ്യത നേരിട്ടതോടെ ഇന്നസെന്റ് ആ ശ്രമം ഉപേക്ഷിച്ച് വീണ്ടും അഭിനയത്തിലേക്ക് തിരിഞ്ഞു.
1986 മുതലാണ് ഇന്നസെന്റ് സിനിമകളില്‍ സജീവമായത്. റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയിലെ മാന്നാര്‍ മത്തായി എന്ന കോമഡി കഥാപാത്രം വലിയ ജനപ്രീതി നേടുകയും ധാരാളം ആരാധകരെ സൃഷ്ടിക്കുകയും ചെയ്തു. തുടര്‍ന്ന് ഗജകേസരിയോഗം, ഗോഡ്ഫാദര്‍, കിലുക്കം, വിയറ്റ്‌നാം കോളനി, ദേവാസുരം, കാബൂളിവാല എന്നിങ്ങനെ അനവധി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിഞ്ഞു.