അങ്ങാടിപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി അങ്ങാടിപ്പുറം ടൗണിൽ പന്തം കുളത്തി പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധം പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സെയ്താലി വലമ്പൂർ ഉദ്ഘാടനം ചെയ്തു.
സംഘപരിവാര്‍ ഫാസിസം എല്ലാ മറകളും നീക്കി വെളിപ്പെട്ടിരിക്കുകയാണെന്നും ഇതിലൂടെ ജനാധിപത്യത്തെ ആര്‍.എസ്.എസ് ഫാസിസം കൊലപ്പെടുത്തുകയാണ്. വംശഹത്യക്ക് നേതൃത്വം കൊടുത്തവരും അതിനു നിരന്തരം ആഹ്വാനം ചെയ്യുന്നവരും പ്രധാനമന്ത്രിയും മന്ത്രിമാരും ലോക്സഭാ അംഗങ്ങളുമായി വിലസുന്ന ഇന്ത്യയിലാണ് രാഷ്ട്രീയ പ്രസംഗത്തിന്റെ പേരില്‍ ഒരു നേതാവ് തടവ് ശിക്ഷക്ക് വിധിക്കപ്പെട്ടത് എന്നത് വിചിത്രമാണ്. ഭരണകൂട ഗൂഢാലോചനയുടെ ഭാഗമാണിത്. പ്രതിപക്ഷം ഇല്ലാത്ത രാജ്യമാണ് ആര്‍.എസ്.എസ് വിഭാവന ചെയ്യുന്നത്.
പാര്‍ലമെന്റില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ അതിന് നേതൃത്വം കൊടുക്കുന്ന ജനപ്രതിനിധിയെ തന്നെ പുറത്താക്കി നിശബ്ദമാക്കാനുള്ള സംഘ്പരിവാര്‍ കുതന്ത്രത്തെ ജനകീയമായി പ്രതിരോധിക്കണം. ആര്‍.എസ്.എസ് ഫാസിസത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി അണിനിരക്കേണ്ട ചരിത്രനിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് സെക്രട്ടറി ശിഹാബ് തിരൂർക്കാട്, സക്കീർ അരിപ്ര, ആഷിക് ചാത്തോലി, നൗഷാദ് അരിപ്ര, അനീസ് റഹ്മാൻ, അഹമ്മദ് സാദിഖ്, ഷാജിത് പൂപ്പലം,മുഹമ്മദാലി സി ടി,നൗഫൽ ബാബു, റഹ്മത്തുള്ള, ഇക്ബാൽ കെ വി, ഇബ്രാഹിം,അബ്ദുൽ മനാഫ്, അർഷിദ് തിരൂർക്കാട്, തുടങ്ങിയ പഞ്ചായത്ത് കമ്മിറ്റി നേതാക്കൾ പന്തം കുളത്തി പ്രകടനത്തിന് നേതൃത്വം നൽകി.