ഹാശാ ഞായറാഴ്ച – സ്മരണകൾ യാഥാർത്യമോ മിഥ്യയോ?

അമ്പതു നോമ്പ് അവസാനിപ്പിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഹാശാ ഞായറാഴ്ചയിലെ ലളിതമായ ഉച്ച ഭക്ഷണവും കഴിഞ്ഞു വീടിനു മുൻ വശത്ത്‌ ഇട്ടിരുന്ന ചെയറിൽ വന്നിരുന്നു . സൂര്യൻ അതിന്റെ ഉഗ്ര പ്രഭാവത്തോടെ കിഴക്കുദിച്ചു പടിഞ്ഞാറോട്ടുള്ള യാത്രാമദ്ധ്യ തലക്കുമീതെ എത്തിനിൽക്കുന്നു. കുറച്ചു ദിവസമായി ശരിയായൊരു സൂര്യ പ്രകാശം ലഭിച്ചിട്ട് . ചെയറിൽ ഇരുന്നപ്പോൾ കൺപോളകളെ നിദ്ര തഴുകുവാൻ ആരംഭിച്ചു. എന്തോ മനസ്സിലൊരു അസ്വസ്ഥത. ചില വര്‍ഷങ്ങള്‍ക്കു മുൻപ് ഇതേപോലുള്ള ഒരു ഹാശാ ഞായറാഴ്ച പള്ളിയിലെ ശുശ്രുഷ മദ്ധ്യേ കേട്ട പ്രസംഗത്തെക്കുറിച്ചു സ്നേഹിതൻ പങ്കിട്ട ചില ചിന്തകൾ മനസ്സിലേക്ക് ഓടിയെത്തി. നീണ്ട നാൽപതു ദിവസം ഉഴിച്ചിൽ കേന്ദ്രത്തിൽ പാദം മുതൽ ശിരസ്സുവരെ എണ്ണയും കുഴമ്പും ഉപയോഗിച്ചു ശാസ്ത്രീയമായി നല്ലതുപോലെ ഉഴിഞ്ഞു ഇളതായിരിക്കുന്ന ശരീരത്തിൽ കനത്ത ഒരു പ്രഹരമേറ്റാൽ എന്തായിരിക്കും അനുഭവം അതായിരുന്നു നാൽപതു ദിവസത്തിലധികം എന്തെല്ലാം സാധാരണ മാനദണ്ഡങ്ങളാണോ അതെല്ലാം പാലിച്ചു നോമ്പ് നോറ്റ് ലോലമായ, പാകമായ മനസിനേൽപിച്ച കനത്ത ആഘാതമായിരുന്നു ആ പ്രസംഗമെന്നു അദ്ദേഹം പറഞ്ഞതായി ഓർക്കുന്നു . ഭക്ഷണം വെടിഞ്ഞു നാം സ്വരൂപിച്ച പണം പാവപ്പെട്ടവനെ സഹായിക്കാൻ നൽകണം. അത് ആർക്കു എപ്പോൾ നൽകണമെന്നു ബന്ധപ്പെവർ തീരുമാനിക്കുമെന്നും ,അതിന്റെ കണക്കൊന്നും ചോദിക്കേണ്ടതില്ലെന്നും, എല്ലാം അവർ വിശ്വസ്തതയോടെ നിർവഹിക്കുമെന്നും പറഞ്ഞു കഴിഞ്ഞപ്പോൾ അതിൽ ഒളിഞ്ഞിരിക്കുന്ന മർമ്മം എന്തെന്ന് പെട്ടെന്ന് മനസിലാക്കാൻ അദ്ദേഹത്തിനായില്ല . ഹാശാ ഞായർ മുതൽ ഉയർപ് ദിനം വരെയുള്ള ദിനങ്ങളിൽ വിവിധ ഇനങ്ങളിൽ സഭയിലേക്കു നൽകേണ്ട സംഭാവനകളുടെ ഒരു നീണ്ട ലിസ്റ്റാണ് വിശ്വാസ സമൂഹത്തിനു മുൻപിൽ പ്രസംഗ മദ്ധ്യേ അവതരിപ്പിക്കപ്പെട്ടത്. ഇതിലും അനുയോജ്യമായ ഒരു സന്ദേശം അനുയോജ്യമായ സന്ദർഭത്തിൽ (ഹാശാ ഞായറാഴ്ച) നൽകാനാകുമോഎന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചതായും ഓർക്കുന്നു.

ഉന്നതങ്ങളിൽ സ്വർഗീയ മാലാഖമാരുടെ സ്തുതികളിൽ , ഉയർന്ന സിംഹാസനത്തിൽ ഉപവിഷ്ടനായിരുന്ന ക്രിസ്തു മരണത്തിനധീനരായ മനുഷ്യവർഗത്തെ വീണ്ടെടുത്തു രാജകീയ പുരോഹിത വർഗമാക്കേണ്ടതിനു ശാപ ഗ്രസ്തമായ ഭൂമിയിൽ ഇറങ്ങിവന്നു. മൂന്നര വർഷത്തെ പരസ്യ ശുശ്രുഷയുടെ അവസാന ദിനങ്ങളിൽ ജെറുസലേം ദേവാലയത്തിലേക്കുള്ള തന്റെ രാജകീയ പ്രൗഢിയോടെയുള്ള സന്ദർശനത്തിന് വാഹനമായി തിരഞ്ഞെടുത്തത് എല്ലാവരാലും വെറുക്കപ്പെട്ട ,സമൂഹത്തിൽ നിന്നും ബഹിഷ്കരിക്കപ്പെട്ട കഴുതയെയാണല്ലോ. ആ കഴുതയുടെ അവസ്ഥയാണ് ഇന്ന് വിശ്വാസ സമൂഹത്തിനു ഏറ്റവും അനുയോജ്യമായിരിക്കേണ്ടതെന്നുകൂടി ആ പ്രസംഗത്തിലൂടെ പ്രാസംഗീകൻ പറയാതെ പറയുകയായിരുന്നുവെന്നു തോന്നിയാൽ അതിലൊട്ടും അതിശയോക്തിയില്ലെന്നും സ്നേഹിതൻ പറഞ്ഞത് സ്‌മൃതി മണ്ഡലത്തിൽ തെളിഞ്ഞുവന്നു. ഒന്നുകൂടി അദ്ദേഹം കൂട്ടിച്ചേർത്തു. ഹാശാ പെരുന്നൾ ദിനത്തിൽ കഴുതക്കു കിട്ടിയ സ്വീകരണത്തിൽ മതിമറന്നു മധുരിക്കുന്ന സ്മരണകളുമായി തൊട്ടടുത്ത ദിവസം ഇതേ കഴുത തെരുവിലൂടെ നടന്നു . വിശന്നു വലഞ്ഞു ഒരു വീടിനുമുൻപിൽ എത്തി നിലവിളിച്ചപ്പോൾ കഴുതയുടെ ശല്യം ഒഴിവാക്കുന്നതിന് വീട്ടുടമസ്ഥൻ ഒരു വടിയുമായി അതിനെ നിർദയം തല്ലി ഓടിക്കുകയായിരുന്നു. കഴുത മനസ്സിലാക്കിയില്ല ഇന്നലെ തനിക്കു ലഭിച്ച സ്വീകരണം തനിക്കല്ല, തന്റെ പുറത്തു യാത്ര ചെയ്ത ക്രിസ്തുനാഥനായിരുന്നുവെന്ന്. ക്രിസ്തുവിനു നമ്മുടെ ജീവിതത്തിന്റെ പൂർണമായ നിയന്ത്രണം എന്നു നഷ്ടപ്പെടുന്നുവോ അന്ന് നമ്മുടെ അവസ്ഥയും ഈ കഴുതയിൽ നിന്നും ഒട്ടും ഭിന്നമായിരിക്കുവാനിടയില്ല.

വിവിധ ആവശ്യങ്ങൾക്കുവേണ്ടി പിരിച്ചെടുത്ത കോടികൾ സർക്കാറും രാഷ്ട്രീയ പാർട്ടികളും വഴിമാറ്റി ചിലവിടുന്നുവെന്നു പരാതികൾ ഉയരുമ്പോൾ അതെല്ലാം അസംബന്ധമാണെന്ന് അധികാരികൾ തറപ്പിച്ചു പറയുന്നു .എന്നാൽ ഇവരിൽ നിന്നും തൂലോം വ്യത്യസ്തരാണ് ഇന്നത്തെ വിശ്വസ്തരായ മതാധിപന്മാർ. ഭൂഗോളത്തിൽ സംഭവിച്ച എത്രയെത്ര പ്രകൃതി ദുരന്തങ്ങൾക്കു സഹായ അഭ്യർത്ഥനയുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മതനേത്ര്വത്വങ്ങൾ ഓടിയെത്തിയിട്ടുണ്ട് . അപ്പോഴെല്ലാം തങ്ങളുടെ കഴിവുകൾക്കപ്പുറം സംഭാവനകൾ നൽകുന്നതിൽ വിശ്വാസ സമൂഹം വിശ്വസ്തത പുലർത്തിയിട്ടുണ്ട്. അതെല്ലാം കൃത്യ സമയത്തു അര്ഹതപെട്ടവർക് പൂർണമായും നൽകിയിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയുവാൻ കഴിയുന്നവരാണ് ഇന്നത്തെ വിവിധ മതനേതൃത്വങ്ങൾ. അവരുടെ മുൻപിൽ നമ്ര ശിരസ്കരായി നില്‍ക്കേണ്ടവരല്ലേ നമ്മൾ.
പെട്ടെന്ന് ഇടിമുഴക്കം കേട്ടുകൊണ്ടാണ് ഉപബോധമനസ്സിൽ നിന്നും ബോധമനസിലേക്കു തിരിച്ചെത്തിയത് .അന്തരീക്ഷം കാര്‍മേഘാവ്രതമായി. സൂര്യന്റെ മുഖത്തു കരിമ്പടം പുതച്ച പ്രതീതി. പുറത്ത കസേരയിൽ നിന്നും എഴുന്നേറ്റു അകത്തുകയറി വാതിലടച്ചു. ഇതുവരെ മനസ്സിനെ മഥിച്ച സ്മരണകൾ യാഥാർത്യമോ മിഥ്യയോ ?അറിയില്ല!

വൽകഷ്ണം
കേരളത്തിൽ ദാരിദ്ര്യമനുഭവിക്കുന്നവരുടെ ദാരിദ്ര്യമകറ്റുന്നതിനു , തലചായ്ക്കാൻ ഇടമില്ലാത്തവർക് കിടപ്പിടം നിർമിച്ചു നൽകുന്നതിന് മതസ്ഥാപനങ്ങളുടെ അക്കൗണ്ടുകളിൽ കെട്ടികിടക്കുന്ന തുകയുടെ ചെറിയൊരു ശതമാനം ചിലവഴിച്ചാൽ മതിയാകുമെന്നുകൂടി സ്നേഹിതൻ പറഞ്ഞതിന് ഇത്തരുണത്തിൽ സാംഗത്യമുണ്ട്

Print Friendly, PDF & Email

Leave a Comment

More News