ഹ്യൂസ്റ്റൺ: അമേരിക്കയിലെ എല്ലാസിറ്റികളിലും വിഷു ആഘോഷം സംഘടിപ്പിക്കുന്നതിൻറെ ഭാഗമായി ഹ്യൂസ്റ്റനിൽ വിപുലമായ ആഘോഷമാണ് കെ എച് എൻ എ ഒരുക്കുന്നത്. സംസ്‌കൃതി എന്ന് പേരിട്ടിരിക്കുന്ന കേരളത്തനിമയാർന്ന ഈ ആഘോഷ പരിപാടി ഏപ്രിൽ പതിനഞ്ചാം തീയതി ശനിയാഴ്ച പിയർലാന്റിലെ ശ്രീ മീനാക്ഷി ക്ഷേതത്തിലെ ബാങ്കെറ്റ് ഹാളിലാണ് അരങ്ങേറുന്നത്. വിഷു കണി, വിഷു കൈനീട്ടം, കലാപരിപാടികൾ കൂടാതെ കെ എച് എൻ എ അംഗങ്ങൾ തയ്യാറാക്കുന്ന സദ്യയാണ് പ്രധാന ആകർഷണം. ഇത്തവണ ആദ്യമായി കൊച്ചു കുട്ടികളെ പങ്കെടുപ്പിച്ചു ‘ഉണ്ണി ഊട്ടും’ നടക്കും.
ഫോട്ബെൻഡ് ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ മുഖ്യാതിഥിയായിരിക്കും. ഹ്യൂസ്റ്റൺ ശ്രീനാരായണ മിഷൻ പ്രസിഡണ്ട് അണിയൻകുഞ്ഞു തയ്യിൽ വിഷു സന്ദേശം നൽകും. മുതിർന്നവരും കുട്ടികളും അവതരിപ്പിക്കുന്ന കലാപരിപാടികൾ, ക്ഷേത്ര കലകൾ എന്നിവയും ഉണ്ടാകും.
കെ എച് എൻ എ യുടെ അന്താരാഷ്ട്ര കൺവെൻഷന് ഏഴുമാസം മാത്രം ബാക്കി നിൽക്കേ വലിയ പ്രാധാന്യമാണ് ഈ ആഘോഷത്തിനുള്ളത് എന്ന് പ്രസിഡണ്ട് ജികെ പിള്ള, കൺവെൻഷൻ ചെയർമാൻ ഡോ. രഞ്ജിത് പിള്ള, കൺവീനർ അശോകൻ കേശവൻ എന്നിവർ പറഞ്ഞു. ഹ്യൂസ്റ്റൺ നഗരത്തിൻറെ ഹൃദയ ഭാഗത്തു സ്ഥിതിചെയ്യുന്ന ഇവിടത്തെ ഏറ്റവും വലിയ ഹോട്ടലായ ഹിൽട്ടൺ അമേരിക്കാസ് ആണ് നവംബർ 23ന് ആരംഭിക്കുന്ന കൺവെൻഷനായി ബുക്കുചെയ്തിരിക്കുന്നത്. ആറ്റുകാൽ ക്ഷേത്ര തന്ത്രിയുടെ കാർമികത്വത്തിൽ നടക്കുന്ന പൊങ്കാലയോടുകൂടിയായിരിക്കും കൺവൻഷന്റെ തുടക്കം. കെ എച് എൻ എ യുടെ ചരിത്രത്തിലെ ഏറ്റവും വലിയകൺവെൻഷന് ആതിഥ്യം അരുളാൻ ഹ്യൂസ്റ്റനിൽ അതിവിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.
വിഷു ആഘോഷങ്ങളിൽ പങ്കെടുക്കുവാനും പരിപാടികൾ അവതരിപ്പിക്കുവാനും താല്പര്യമുള്ളവർ ഡോ. ബിജു പിള്ള (832)247-3411 ധനിഷ ശ്യാം (818)428-0314 എന്നിവരുമായി ബന്ധപ്പെടുക.