ഇസ്ലാമാബാദ്: പാക്കിസ്താന്‍ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ചെയർമാൻ ഇമ്രാൻ ഖാനെതിരെ വെള്ളിയാഴ്ച ഇസ്ലാമാബാദിൽ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു.
കലാപത്തിന് പ്രേരിപ്പിച്ചതിനും ഉദ്യോഗസ്ഥരുടെ സത്പേരിന് കളങ്കമുണ്ടാക്കിയതിനും സർക്കാർ നൽകിയ പരാതിയിൽ ഇമ്രാൻ ഖാനെതിരെ റാംന പൊലീസ് സ്റ്റേഷനിലാണ് കേസ് ഫയൽ ചെയ്തിട്ടുള്ളത്.
സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരെ ഇമ്രാൻ ഖാൻ ആരോപണങ്ങൾ ഉന്നയിക്കുകയും അവരിൽ ചിലരുടെ പേരുകൾ എടുത്ത് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുവെന്ന് എഫ്‌ഐആറിൽ പറയുന്നു.
അതിനിടെ, പഞ്ചാബിലെ പിടിഐ നേതാക്കൾക്കെതിരായ കേസുകളുടെ അന്വേഷണത്തിനായി സംയുക്ത അന്വേഷണ സംഘം (ജെഐടി) വെള്ളിയാഴ്ച പാക്കിസ്താന്‍ തെഹ്‌രീകെ ഇൻസാഫ് ചെയർമാൻ ഇമ്രാൻ ഖാനെയും മറ്റ് നേതാക്കളെയും മൂന്നാം തവണയും വിളിച്ചുവരുത്തി.
ജെഐടിക്ക് മുമ്പാകെ മൊഴി രേഖപ്പെടുത്തിയ ഏക പിടിഐ നേതാവാണ് അസദ് ഉമർ.
ഇമ്രാൻ ഖാനെ കൂടാതെ, ഫവാദ് ചൗധരി, ഹമ്മദ് അസ്ഹർ, ഇജാസ് ചൗധരി, മുസറത്ത് ജംഷെദ് ചീമ, ഫറൂഖ് ഹബീബ്, മിയാൻ മെഹ്മൂദുൽ റഷീദ്, മിയാൻ അസ്ലം ഇഖ്ബാൽ, ഡോ. യാസ്മിൻ റാഷിദ് എന്നിവരാണ് മൂന്നാം തവണയും ജെഐടിയുടെ സമൻസ് അയച്ച പിടിഐ നേതാക്കൾ.