മലപ്പുറം: പതിനാലുകാരനെ ബൈക്ക് ഓടിക്കാന്‍ അനുവദിച്ച കേസിൽ കുട്ടിയുടെ പിതാവിനും വാഹനം ഓടിക്കാൻ നൽകിയ അയൽവാസിയായ യുവതിക്കും തടവും പിഴയും. കുട്ടിയുടെ പിതാവ് കൽപകഞ്ചേരി അബ്ദുൾ നസീർ (55), ബൈക്ക് ഉടമ കൽപകഞ്ചേരി ഫൗസിയ (38) എന്നിവർക്കാണ് ശിക്ഷ. മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
അബ്ദുൾ നസീറിന് 25,000 രൂപയും ഫൗസിയക്ക് 5,000 രൂപയുമാണ് പിഴ. ഇരുവർക്കും വൈകീട്ട് 5.00 മണി വരെയാണ് തടവ് വിധിച്ചത്. 2022 സെപ്റ്റംബർ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം
മാമ്പ്ര- കടുങ്ങാത്തുകുണ്ട് റോഡിലൂടെ ഫൗസിയയുടെ ബൈക്കുമായി 14കാരൻ വരികയായിരുന്നു. വാഹനപരിശോധന നടത്തുകയായിരുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിലെത്തിയ കുട്ടിക്ക് ലൈസൻസ് ഇല്ലെന്നും പ്രായപൂർത്തിയായിട്ടില്ലെന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ രക്ഷകര്‍ത്താവിനും വാഹന ഉടമയ്ക്കുമെതിരെ മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു.