കോഴിക്കോട്: ട്രെയിൻ കത്തിച്ച കേസിലെ പ്രതി ഷാരൂഖ് ഞായറാഴ്ച ഷൊര്‍ണൂര്‍ റെയിൽവേ സ്റ്റേഷന് സമീപമുള്ള പമ്പിൽ നിന്ന് പെട്രോൾ വാങ്ങിയെന്ന് ഇയാൾ അന്വേഷണ സംഘത്തോട് പറഞ്ഞു. പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പെട്രോൾ വാങ്ങി ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സിൽ കയറി. എന്നാൽ, ഷാരൂഖ് ഷൊർണൂരിൽ എത്തുന്ന ദിവസത്തെ സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. സമ്പർക്രാന്തി എക്‌സ്പ്രസിലാണ് താൻ കേരളത്തിലെത്തിയതെന്നാണ്ഇയാള്‍ പറയുന്നത്.
പ്ലസ്ടു വിദ്യാഭ്യാസം മാത്രമാണുള്ളതെന്ന് മാതാപിതാക്കൾ പറഞ്ഞെങ്കിലും ഇയാള്‍ക്ക് ഇംഗ്ലീഷിലും ഹിന്ദിയിലും ഒരു പോലെ പ്രാവീണ്യമുണ്ടെന്ന് പോലീസ് പറഞ്ഞു. ആക്രമണം സ്വയം തീരുമാനിച്ച് നടത്തിയതാണെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. ആക്രമണത്തിന് ശേഷം ട്രെയിനിൽനിന്ന് ചാടിയത് ഇരുന്നാണെന്നും പരുക്കേൽക്കാതിരിക്കാനുള്ള മുൻകരുതലായിരുന്നുവെന്നും പ്രതി പറയുന്നു.
ഇയാൾ ഇപ്പോൾ ചോദ്യം ചെയ്യലുമായി സഹകരിക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. ചേവായൂർ മാലൂർക്കുന്ന് പോലീസ് ക്യാമ്പിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. ആദ്യഘട്ടത്തിൽ കുറ്റകൃത്യത്തിന് പിന്നിൽ ആരാണെന്നും ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും പൊലീസ് ശേഖരിക്കുന്നു. ഇതിന്റെ ഭാഗമായി ഷാരൂഖിനെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.
അതിനിടെ, ഷാറൂഖ് സെയ്ഫിക്ക് തീവെപ്പ് നടത്താൻ കേരളത്തിൽ നിന്ന് സഹായം കിട്ടിയോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്ന് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കി. ഇയാള്‍ക്ക് തീവ്രവാദ ബന്ധം ഉണ്ടോ എന്നതടക്കം പരിശോധിക്കണം. ഇക്കാര്യത്തിൽ വിശദമായ തെളിവെടുപ്പ് നടത്തണമെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
പ്രതി പെട്രോൾ വാങ്ങിയത് ഷൊർണൂര്‍ റെയിൽവെ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള പമ്പിൽ നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. കൃത്യമായ ആസൂത്രണം ആക്രമണത്തിൽ നടന്നിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് പ്രതി പമ്പിലെത്തി പെട്രോള്‍ വാങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ട്രെയിനിന് തീവെച്ച പ്രവൃത്തി തീവ്രവാദ സ്വഭാവമുള്ള ആക്രമണമാണോ എന്ന കാര്യം കേന്ദ്ര ഏജൻസികളും പരിശോധിച്ച് വരികയാണ്. ഡൽഹിയിൽ നിന്നോ കേരളത്തിൽ നിന്നോ സഹായം ലഭിച്ചിട്ടുണ്ടോ എന്നതും കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നുണ്ട്.