ഹൂസ്റ്റൺ: അമേരിക്കയിൽ ഇന്ത്യൻ വംശജർ ഏറ്റവും കൂടുതൽ അധിവസിക്കുന്ന വലിയ നഗരങ്ങളിൽ ഒന്നായ ഹൂസ്റ്റണിൽ നിന്നും നേരിട്ട് ഇന്ത്യയിലേക്ക് വിമാന സർവീസിനുള്ള സാധ്യതകൾ തെളിയുന്നു. എയർ ഇന്ത്യ ഹൂസ്റ്റൺ ഫ്ലൈറ്റ് പരിഗണനയിലാണെന്ന് വ്യോമയാന, എയർ ഇന്ത്യ അധികൃതരുടെ ഉറപ്പു ലഭിച്ചു.
ഹൂസ്റ്റണിലെ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യം കൂടിയായ പ്രസിഡണ്ട് ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിൽ സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് ഹൂസ്റ്റന്റെ ഈ വർഷത്തെ പ്രവർത്തനാരംഭത്തിൽ തന്നെ “ഇന്ത്യയിലേക്ക് നേരിട്ട് എയർ ഇന്ത്യ” വിമാന സർവീസ് ആരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഹൂസ്റ്റണിലെ മലയാളി ബിസിനസ് സംരംഭകരുടെ കൂട്ടായ്മയാണ് എസ്ഐയുസിസി.
മിസോറി സിറ്റി മേയറും മലയാളികളുടെ പ്രിയങ്കരനുമായ മേയർ റോബിൻ ഇല ക്കാട്ടിന്റെ ഇക്കാര്യത്തിലുള്ള സേവനം പ്രശംസനീയമാണ്. ഹൂസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്ക് ഒരു പുതിയ റൂട്ട് സ്ഥാപിക്കുന്നതിനുള്ള നിവേദനവും അനുബന്ധ രേഖകളും മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടിന് സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സ് ഹൂസ്റ്റൺ പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബ്രൂസ്, എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോർജ് കോളച്ചേരിൽ എന്നിവർ ചേർന്ന് സമർപ്പിച്ചിരുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്സിലെ മൂന്നാമത്തെ വലിയ ഇന്ത്യൻ-അമേരിക്കൻ ജനസംഖ്യയുള്ള ഹൂസ്റ്റണിലെ യാത്രക്കാർക്കും താമസക്കാർക്കും ഈ പുതിയ വിമാന സർവീസ് ഒരു വലിയ നേട്ടമായിരിക്കുമെന്നും ജനുവരി മാസത്തിലെ തന്റെ ഇന്ത്യാ സന്ദർശന വേളയിൽ ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനുള്ള നിർദ്ദേശം ഇന്ത്യൻ പ്രധാനമന്ത്രി, വ്യോമയാന മന്ത്രി, എയർ ഇന്ത്യയുടെ സിഇഒ എന്നിവർക്ക് സമർപ്പിക്കുന്നതിനു ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പു നല്കിയിരുന്നു.
മേയറിന്റെ ഉറ്റ സുഹൃത്തുക്കളായ ശ്രീ തോമസ് ചാഴികാടൻ എംപി, ശ്രീ ജോസ്.കെ. മാണി എംപി എന്നിവരെ നേരിട്ടു കണ്ട് നിവേദനങ്ങൾ നൽകുകയും അവരുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്തു. തുടർന്ന് തന്റെ സുഹൃത്തായ കേന്ദ്ര മന്ത്രി ശ്രീ വി.മുരളീധരനുമായി ഈ വിഷയം സംബന്ധിച്ചു് നിരവധി പ്രാവശ്യം സംസാരിക്കുകയൂം പിന്തുണ ഉറപ്പാക്കുകയും ചെയ്തു.
മാർച്ച് 24നു മിനിസ്ട്രി ഓഫ് സിവിൽ ഏവിയേഷൻ സെക്രട്ടറി രാജീവ് ബൻസാൽ ഐഎഎസ് തോമസ് ചാഴികാടൻ എംപി യ്ക്കയച്ച കത്ത് പ്രകാരം കേന്ദ്ര സർക്കാർ നിവേദനം അനുഭാവപൂർവം പരിഗണിച്ചതായും കൂടുതൽ നടപടികൾ എടുക്കുന്നതിനായി എയർ ഇന്ത്യ അധികാരികളെ അറിയിച്ചുവെന്നും കൂടുതൽ സർവീസുകൽ അനുവദിക്കുമ്പോൾ തീര്ച്ചയായും ഹൂസ്റ്റൺ മുൻഗണനാ പട്ടികയിൽ ഉണ്ടായിരിക്കുമെന്നും അറിയിപ്പ് ലഭിച്ചതായി അറിയിച്ചു.
ഈ ആവശ്യം യാഥാർഥ്യമാകുന്നത് വരെ നിരന്തരം പോരാടുമെന്ന് സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് ഭാരവാഹികൾ പറഞ്ഞു.