തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയമിൽ നടന്ന ഫൈനലിൽ മധ്യപ്രദേശിന്റെയും കേരളത്തിന്റെയും ബധിര ക്രിക്കറ്റ് ടീമുകളാണ് ഏറ്റുമുട്ടിയത്.
തിരുവനന്തപുരം ഏപ്രിൽ 10, 2023: ഇന്ത്യൻ ബധിര ക്രിക്കറ്റ് അസോസിയേഷൻ (ഐഡിസിഎ) തിരുവനന്തപുരത്ത് സംഘടിപ്പിച്ച ബധിരർക്കായുള്ള രണ്ടാമത് ദേശീയ ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കേരളം ജേതാക്കളായി. തിരുവനതപുരം കാര്യവട്ടത്ത് ഗ്രീൻഫീൽഡ് സ്റ്റേഡിയമിൽ നടന്ന ഫൈനൽ മത്സരത്തിലാണ് മധ്യപ്രദേശിനെ ആറു വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി കേരളം ചാമ്പ്യൻമാരായത്. കേരള ടീമിലെ മുഹമ്മദ് ഫാഹിസ്. ഇ. യെ പ്ളേയർ ഒഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തു. മധ്യ പ്രദേശ് ടീമിലെ അബ്ദുൾ സമദിനെ പരമ്പരയിലെ മികച്ച ബാറ്റ്‌സ് മാൻ ആയി തിരഞ്ഞെടുത്തു. മധ്യ പ്രദേശിന്റെ നന്ദ് കിഷോർ സാഹയെ പരമ്പരയിലെ മികച്ച ബൗളർ ആയും, പ്ളേയർ ഒഫ് ദ സീരീസ് ആയും തിരഞ്ഞെടുത്തു.
ഒന്നാം ഇന്നിങ്സിൽ മധ്യ പ്രദേശ് 45.5 ഓവറുകളിൽ പത്തിന് 126 എന്ന സ്കോർ നേടിയപ്പോൾ, കേരളം ഒന്നാം ഇന്നിങ്സിൽ 66.1 ഓവറുകളിൽ പത്തിന് 221 റൺസ് നേടി. രണ്ടാം ഇന്നിങ്സിൽ മധ്യ പ്രദേശ് 37.4 ഓവറുകളിൽ പത്തിന് 124 റൺസ് നേടി. ഇതേത്തുടർന്ന് കേരളം രണ്ടാമിന്നിങ്സിൽ 14.5 ഓവറുകളിൽ നാലു വിക്കറ്റിന് 30 റൺസ് നേടി വിജയികളായി. മത്സരത്തിൽ മധ്യപ്രദേശിനെ നയിച്ചത് സുമിത് ബിദ്വാളും കേരളത്തെ നയിച്ചത് ജൂബിൽ എം. പിയുമാണ്. മത്സരത്തിനു ശേഷം കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ മത്സരത്തിൽ പങ്കെടുത്ത കളിക്കാരെ ആദരിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിച്ചത്.
“കേരളത്തിലെ ബധിര ക്രിക്കറ്റ് അസോസിയേഷൻ, ആതിഥേയരായ കേരള ക്രിക്കറ്റ് അസോസിയേഷൻ എന്നിവരുടെ പിന്തുണയോടെ ടൂർണമെന്റ് വിജയകരമായി നടത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ‘ഐഡിസിഎ യുടെ ബധിരർക്കായുള്ള രണ്ടാം നാഷണൽ ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ’ കേരളത്തിൽ നിന്നും മധ്യപ്രദേശിൽ നിന്നുമുള്ള രണ്ട് ടീമുകൾക്കൊപ്പം തിരുവനന്തപുരത്ത് വന്നതിലൂടെ മികച്ച അനുഭവമാണ് ഞങ്ങൾക്ക് ലഭിച്ചത്. വിജയികളായ കേരളത്തിനും റണ്ണർ അപ്പായ മധ്യ പ്രദേശിനും അഭിനന്ദനങ്ങൾ നേരുന്നു. ഈ ചാമ്പ്യൻഷിപ്പിൽ നിറഞ്ഞ മനസ്സോടെ പങ്കെടുത്ത എല്ലാ ടീമുകൾക്കും ഉദ്യോഗസ്ഥർക്കും ഐഡിസിഎ നന്ദി പറയുന്നു,” ഇന്ത്യൻ ഡെഫ് ക്രിക്കറ്റ് അസോസിയേഷൻ (ഐ ഡി സി എ) പ്രസിഡന്റ് സുമിത് ജെയിൻ പറഞ്ഞു.
“ഈ അസുലഭ നിമിഷത്തിന്റെ ഭാഗമാകുക വഴി യുഎസ് ടി ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളോട് ചേർന്നു നിൽക്കുകയാണ്. ആഗോള സംരംഭങ്ങളെ ഡിജിറ്റൽ പരിവർത്തനങ്ങളിലേക്ക് നയിക്കുന്നതിനോടൊപ്പം, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് കൈത്താങ്ങ് നൽകുന്നതിലും യു എസ് ടി സദാ സന്നദ്ധരാണ്. ഇത്തരം ഒരു സ്പെഷ്യൽ ടൂർണമെന്റിന്റെ ഭാഗമായി യുഎസ്‌ടിയെ പ്രതിനിധീകരിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ട് മികച്ച ഒരു മത്സരം തന്നെയാണ് ആതിഥേയരായ കേരള ബധിര ടീമും സന്ദർശകരായ മധ്യപ്രദേശും കാഴ്ചവെച്ചത്. ഇത്തരം ഒരു മികച്ച ടൂർണമെന്റ് സംഘടിപ്പിച്ചതിൽ ഇന്ത്യൻ ബധിര ക്രിക്കറ്റ് അസോസിയേഷൻ അഭിനന്ദനം അർഹിക്കുന്നുവെന്ന്,” യു എസ് ടി യുടെ സീനിയർ ഡയറക്ടറും തിരുവനന്തപുരം കേന്ദ്രം മേധാവിയുമായ ശിൽപ്പ മേനോൻ പറഞ്ഞു.
രാജ്യത്തെ ഭിന്നശേഷിക്കാരായ ക്രിക്കറ്റ് താരങ്ങളെ പിന്തുണയ്ക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ എല്ലായ്‌പ്പോഴും ഒപ്പമുണ്ടെന്നും ബധിരരും മൂകരുമായ ക്രിക്കറ്റ് താരങ്ങൾക്ക് സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്നും, ഇത്തരത്തിലുള്ള കൂടുതൽ മത്സരങ്ങൾ കേരളത്തിൽ സംഘടിപ്പിക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും കേരള ക്രിക്കറ്റ് അസോസിയേഷൻ സിഎഫ്ഒ മിനു ചിദംബരം പറഞ്ഞു. .
ഇത്തരത്തിലുള്ള ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നതിലൂടെ “ക്രിക്കറ്റ് ഫോർ എ കോസ്” എന്ന തങ്ങളുടെ ക്യാമ്പയിനെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് ഐഡിസിഎ സിഇഒ റോമാ ബൽവാനി പറഞ്ഞു. “സമാപന ചടങ്ങിൽ ഞങ്ങളുടെ അതിഥികളായി എത്തിയ യു എസ് ടി യുടെ സീനിയർ ഡയറക്ടറും തിരുവനന്തപുരം കേന്ദ്രം മേധാവിയുമായ ശില്പ മേനോൻ; യു എസ് ടി ഗ്ലോബൽ പി ആർ ആൻഡ് മീഡിയ റിലേഷൻസ് ഡയറക്ടറും മേധാവിയുമായ ടിനു ചെറിയാൻ; കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായ വിനോദ് എസ് കുമാർ, സി എഫ് ഒ ആയ മിനു ചിദംബരം എന്നിവരോട് നന്ദി അറിയിക്കുന്നു,” റോമാ ബൽവാനി കൂട്ടിച്ചേർത്തു. ഇ നോക്സ് സിനിമാസ്, ഇംപാക്ട് റിസർച്ച് & മെഷർമെന്റ്, കെ എഫ് സി, ഹീറോ മോട്ടോർ കോർപ്പ്, കൈസേൻ, ഡെക്കാത്‌ലൺ, ല്യൂഡിസ്, ഇറ ഫ്രഷ് എന്നിവരാണ് മത്സരത്തിലെ മറ്റ് സ്പോൺസർമാർ.