തിരൂർ : കാലങ്ങളായി മലപ്പുറം ജില്ലയോടും തിരൂർ റെയിൽവേ സ്റ്റേഷനോടും തുടരുന്ന അവഗണനയുടെ തുടർച്ചയാണ് വന്ദേഭാരത് ട്രെയ്നിന് മലപ്പുറം ജില്ലയിൽ സ്റ്റോപ് നിഷേധിച്ചതെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ് പറഞ്ഞു. തിരൂരിൽ റെയിൽവേ സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നാസർ കീഴുപറമ്പ്. ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനായ തിരൂരിൽ നിർത്താതെ കടന്നു പോവുന്നത് 32 ദീർഘദൂര ട്രെയിനുകളാണ്. മികച്ച യാത്ര സൗകര്യങ്ങളും സംവിധാനങ്ങളുള്ള ട്രെയിനുകളാണ് ഇതിലേറെയും. ദീർഘദൂര യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ ഇത്തരം ട്രെയിനുകൾ പതിറ്റാണ്ടുകളായി മലപ്പുറത്തുകാർക്ക് സർക്കാറുകൾ നിഷേധിച്ചു കൊണ്ടിരിക്കുകയാണ്.കേരളത്തിൽ റെയിൽവേക്ക് കൂടുതൽ വരുമാനമുള്ള സ്‌റ്റേഷനുകളിലൊന്നാണ് തിരൂർ. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മുന്നിൽ നിൽക്കുന്ന ജില്ലയിലെ പ്രധാന സ്റ്റേഷൻ. നേരത്തെ വന്ദേ ഭാരത് ട്രയൽ റണ്ണിൽ തിരൂരിൽ നിർത്തുകയും പിന്നീട് സ്റ്റോപ്പ് ഒഴിവാക്കുകയും ചെയ്തത് ഈ ജില്ലയിലെ ജനങ്ങളോടുളള അനീതിയും അവഗണനയുമാണ്.
പ്ലസ് ടു ബാച്ചുകൾ അനുവദിക്കുന്നതിലെ വിവേചനമടക്കം പതിറ്റാണ്ടുകളായി വിദ്യാഭ്യാസ മേഖലയിലും അടിസ്ഥാന വികസന മേഖലയിലും മലപ്പുറത്തിനോട് കേരളവും കേന്ദ്രവും ഭരിക്കുന്നവർ കാണിച്ചുകൊണ്ടിരിക്കുന്ന വികസന വിവേചനം തന്നെയാണ് റെയിൽവെയും തുടരുന്നത്.
കേരളത്തിൻറെ റെയിൽവേ മന്ത്രിയായ വി.അബ്ദുറഹ്മാന്റെ പ്രവർത്തന തട്ടകത്തിലെ സ്റ്റോപ്പാണ് വന്ദേഭാരത് എക്സ്പ്രസ്സിന് റെയിൽവേ എടുത്തു കളഞ്ഞിട്ടുള്ളതെന്നത് വലിയ നാണക്കേടാണ്. വന്ദേ ഭാരത് എക്സ്പ്രസ്സിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കുന്നതിൽ കേരള സർക്കാരിനും വലിയ പങ്കുവഹിക്കാൻ കഴിയും. പരസ്പരം പഴിചാരി ജനങ്ങളെ കബളിപ്പിക്കാതെ ഇത് നേടിയെടുക്കാൻ കേരള സർക്കാരും ബന്ധപ്പെട്ട മന്ത്രിയും എംപിമാരും തയ്യാറാകേണ്ടതുണ്ട്.
രാജ്യം അതിനകത്തുള്ള ഒരു പ്രദേശത്തോടും ജനതയോടും വിഭവ വിതരണത്തില്‍ കാണിച്ചുകൊണ്ടിരിക്കുന്ന ബോധപൂര്‍വമായ നീതികേടായി ഇതിനെ തിരിച്ചറിഞ്ഞ് നീതിപൂര്‍വമായ അവകാശങ്ങള്‍ക്കായുള്ള സമര പോരാട്ടങ്ങൾക്കായി എല്ലാവരും മുന്നോട്ട് വരണമെന്നും അദ്ദഹം ആവശ്യപ്പെട്ടു. നൗഷാദ് ചുള്ളിയൻ, വഹാബ് വെട്ടം, ഇബ്രാഹിം കുട്ടിമംഗലം, അഷ്റഫ് വൈലത്തൂർ, റഷീദ് രണ്ടത്താണി എന്നിവർ സംസാരിച്ചു.
ഷറഫുദ്ദീൻ കോളാടി, ഹംസ പൈങ്കൽ, ഹബീബ് റഹ്മാൻ സി.പി, ഷിഫ കാജ എന്നിവർ നേതൃത്വം നൽകി.