കൊച്ചി: യുവതാരങ്ങളായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗമിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സിനിമാ സംഘടനകൾ. കൊച്ചിയിൽ ചേർന്ന സിനിമാ സംഘടനകളുടെ യോഗത്തിലാണ് ഗുരുതര ആരോപണങ്ങൾ ഉയർന്നത്. ശ്രീനാഥ് ഭാസി ഏതൊക്കെ ചിത്രങ്ങളിലാണ് കരാർ ഒപ്പിടുന്നതെന്ന് അറിയില്ലെന്നും നിർമ്മാതാക്കൾ ആരോപിച്ചു. ഒരു സെറ്റിലും ശ്രീനാഥ് കൃത്യ സമയത്ത് എത്താറില്ലെന്ന് ഫെഫ്ക അധികൃതർ പറഞ്ഞു. ചിത്രത്തിലെ റോൾ നഷ്ടപ്പെട്ടതായി സംശയം തോന്നിയാൽ ഷെയ്ൻ നിഗം തന്റെ അഭിനയം പാതിവഴിയിൽ നിർത്തുമെന്നും അധികൃതർ കുറ്റപ്പെടുത്തി. നിർമ്മാതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ ഇരുവരും ഇനി സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി നിർമ്മാതാക്കൾ വ്യക്തമാക്കി.
നിർമ്മാതാവ് സോഫിയ പോളിന്റെ ആർഡിഎക്‌സ് എന്ന ചിത്രത്തിന്റെ സെറ്റിൽ പ്രശ്‌നമുണ്ടാക്കിയതിനാണ് ഷെയ്ൻ നിഗത്തിന് വിലക്ക്. ഷെയ്ൻ നിഗത്തിന്റെ കുർബാനി ചിത്രത്തിന്റെ ഡബ്ബിംഗ് പൂർത്തിയായിട്ടില്ല.
ഷെയ്ൻ നിഗത്തിന്റെയും ശ്രീനാഥ് ഭാസിയുടെയും പേരിൽ നിരവധി പരാതികളുണ്ട്. അതിനാലാണ് പേര് വെളിപ്പെടുത്തിയത്. പരാതി രേഖാമൂലം ഇല്ലാത്ത വേറെയും പേരുണ്ട്. പരാതി ലഭിക്കുന്നു മുറയ്ക്ക് അവരുടെയും പേരുകൾ വെളിപ്പെടുത്തുമെന്ന് സംഘടനകൾ വ്യക്തമാക്കും.
പരസ്യമായി ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ പേര് വെളിപ്പെടുത്താനാവില്ല. പ പേര് വിവരങ്ങൾ സർക്കാരിന് കൈമാറാനാണ് തീരുമാനം. തുടർ നടപടികൾ സർക്കാർ തീരുമാനിക്കുമെന്ന് സംഘടനകൾ വ്യക്തമാക്കി.നഷ്ടപരിഹാരം ബുദ്ധിമുട്ടുണ്ടാക്കുന്ന താരങ്ങളിൽ നിന്ന് ഈടാക്കുമെന്നും ഫെഫ്ക വ്യക്തമാക്കി . നിർമാതാക്കളുടെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് യോഗത്തിൽ പങ്കെടുത്ത അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞു.
ശ്രീനാഥും ഷെയ്‌നും മോശം പെരുമാറ്റത്തിന്റെ പേരിൽ നേരത്തെ വിലക്ക് നേരിട്ടിട്ടുണ്ട്. ഉല്ലാസത്തിന്റെയും വെയിലിന്റെയും സെറ്റിൽ പ്രശ്‌നമുണ്ടാക്കിയതിനും ഷൂട്ടിംഗ് കൃത്യസമയത്ത് പൂർത്തിയാക്കാത്തതിനും സംവിധായകന്റെയോ നിർമ്മാതാവിന്റെയോ അനുമതിയില്ലാതെ സിനിമയുടെ സെറ്റിൽ മുടി മുറിച്ചതിനും ഷെയ്‌നെ നേരത്തെ വിലക്കിയിരുന്നു.
ഓൺലൈൻ ചാനലിന്റെ അവതാരകയോട് മോശമായി പെരുമാറിയതിന് ശ്രീനാഥ് ഭാസിക്ക് നടപടി നേരിടേണ്ടി വന്നു. അവതാരകയുടെ പരാതിയിൽ മരട് പോലീസ് കേസെടുത്തിരുന്നു. എന്നാൽ പിന്നീട് അവതാരകയോട് ക്ഷമാപണം നടത്തി പ്രശ്നം പരിഹരിച്ചതോടെ വിലക്ക് പിൻവലിച്ചു