തൃശൂർ: തിരുവില്വാമലയിൽ തിങ്കളാഴ്ച രാത്രി വീഡിയോ കണ്ടുകൊണ്ടിരിക്കെ കൈയ്യിലെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസ്സുകാരി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി പിതാവ് രംഗത്ത്.
അശോക് കുമാറിന്റെ മകൾ ആദിത്യശ്രീയാണ് മരിച്ചത്. പഴയന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്‌ഫോടനത്തിന് പിന്നിലെ കാരണം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ പരിശോധിക്കാൻ ഫോറൻസിക് സംഘം പെൺകുട്ടിയുടെ വസതിയിലെത്തി.
ബാറ്ററി അമിതമായി ചൂടായതാകാം പൊട്ടിത്തെറിയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.
തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആദിത്യശ്രീ.
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി കുട്ടിയുടെ പിതാവ് പട്ടിപ്പറമ്പ് കുന്നത്ത് അശോക് കുമാർ. ആദിത്യശ്രീ സ്ഥിരമായ ഫോൺ ഉപയോഗിക്കാറില്ലെന്നാണ് പിതാവ് പറയുന്നത്. പൊട്ടിത്തെറിക്കുന്നതിന് മുൻപ് ഈ ഫോണിൽ നിന്ന് ആദിത്യശ്രീ അമ്മയെ വിളിച്ചിരുന്നു.
രണ്ട് വർഷം മുൻപ് ഫോണിന്റെ ബാറ്ററി തകരാറിലായി. പാലക്കാട് കമ്പനി സർവീസ് സെന്ററിൽ കൊടുത്താണ് അത് ശരിയാക്കിയത്. പാലക്കാട് നിന്ന് തന്നെയാണ് ഫോൺ വാങ്ങിയത്. ബാറ്ററി അതിയായ മർദ്ദത്തോടെ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
തലയിലേറ്റ പരിക്കും തലച്ചോറിലെ രക്തസ്രാവവുമാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. തലയിലേറ്റ പരിക്കിനെ തുടർന്ന് തലച്ചോറിൽ പലയിടത്തും ക്ഷതമുണ്ടായി. ഇതിനെ തുടർന്നുണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണമായത്.
അതേസമയം അപകടത്തിന് കാരണമായ ഫോൺ പൂർണമായും പൊട്ടത്തകർന്നിട്ടില്ല. ഡിസ്പ്ലേ പൊട്ടുകയും ബാറ്ററിയുടെ ഭാഗം വീർക്കുകയും ചെയ്ത തരത്തിലാണ് അപകടത്തിനിടയാക്കിയ ഫോൺ കണ്ടെത്തിയത്.