ലോകത്തിൽ ഇന്ന് നിലവിൽ ഉള്ളതും, നൂറ്റാണ്ടുകളായി നിലനില്കുന്നതുമായ സംസ്കാരമാണ് ഹിന്ദു. ഇതര മതങ്ങളെയും, വിശ്വാസങ്ങളെയും ബഹുമാനിയ്ക്കുകയും, അവരുടെ ആഘോഷങ്ങളിൽ പങ്കുചേരുകയും ചെയ്യുന്ന ഒരു സംസ്കാരം ഹിന്ദുവിൽ എക്കാലവും നിലനിൽക്കുന്നു എന്നത് സവിശേഷതകളിൽ ഒന്നു മാത്രമാണ്. ഇങ്ങനെ ഒക്കെ ആണെങ്കിലും ഹിന്ദു സംസ്കാരത്തിന്റെ ഭാഗമായി ഭവനങ്ങളിൽ നമ്മൾ ആചരിച്ചു വന്നിരുന്ന “സന്ധ്യാ നാമ ജപം” ഹിന്ദു കുടുംബങ്ങളിൽ അന്യം നിന്നിരിയ്ക്കുന്നു. കാൽ നൂറ്റാണ്ടു മുൻപ് വരെ സന്ധ്യയ്ക്കു നിലവിളക്കു കൊളുത്തുകയും,അതിനു മുന്നിലിരുന്നു ഉറക്കെ നാമം ജപിയ്ക്കുന്ന പ്രായമായവരെയും ,കുട്ടികളെയും ഒക്കെ ഗ്രാമ,നഗര വ്യത്യാസമില്ലാതെ നിത്യ കാഴ്ചയായിരുന്നു.ഒരു ദിവസത്തിന്റെ അന്ത്യത്തിലും,പുതിയ ഒരു ദിവസത്തിന്റ തുടക്കത്തിലേക്കുള്ള യാമത്തിനു മുൻപായും ഉള്ള ഈ നമ ജപം ഭവനങ്ങളിൽ ഐശ്വര്യത്തിന്റെ തിരി തെളിച്ചിരുന്നു.
കുട്ടികളെ പാഠ്യ പദ്ധതികളിൽ നിന്നും ഉപരിയായി ഉള്ള മേഖലകളിലേക്ക് കൂടി മത്സര ബുദ്ധിയോടെ,പരീക്ഷകളിലെ വിജയം മാത്രം മുന്നിൽ കണ്ടു ഞാനും,നിങ്ങളും തയ്യാറെടുപ്പിയ്ക്കുന്ന തിരക്കിൽ നാമജപം എന്നത് ഒരു ചടങ്ങു മാത്രമായും, പിന്നീട് അത് ഒരു മറവി ആയും പരിണമിച്ചു.ദൂരദർശനിയുടെ ആഗമനവും, കുടുംബ സദസ്സുകളെ ആകാംഷയുടെ മുൾമുനയിൽ നിറുത്തുന്ന പരമ്പരകളും,കോമഡി,ഗാന സ്റ്റാർ സിംഗർ പരിപാടികളും, നിലവിളക്കു കൊളുത്തുക എന്ന ആചാരത്തെ വരെ ഇല്ലാതെയാക്കി. ഇപ്പോൾ നമ്മുടെ ജീവിതത്തിലേയ്ക്ക് കടന്നു വന്ന ടച് സ്ക്രീൻ ഫോണുകൾ വഴി മാത്രം ഒരു മുറിയിൽ ഇരിയ്ക്കുന്ന കുടുംബാങ്ങങ്ങൾ ആശയ വിനിമയം നടത്തുന്ന രീതിയിലേക്ക് കാലം മാറിയിരിയ്ക്കുന്നു.
വീടുകളിൽ കുട്ടികൾക്ക് നാമജപം പറഞ്ഞു കൊടുക്കുവാനോ,പുരാണ ,കഥാ ഹിന്ദു സങ്കൽപ്പങ്ങൾ പകർന്നു നല്കുവാനോ ഇന്ന് മുതിർന്നവർക്കും നേരമില്ലാതെ ആയിരിയ്ക്കുന്നു.
“സന്ധ്യാ നാമ ജപ” ത്തിലൂടെയും,നിലവിളക്കു കൊളുത്തുന്നതിലൂടെയും ഒരു ദിവസത്തിന്റെ വളരെ കുറച്ചു സമയം എങ്കിലും നമ്മുടെ വ്യക്തിപരമോ,തൊഴിൽ പരമോ ആയ തിരക്കുകൾ മറന്നു വിവിധ പ്രായത്തിൽപെട്ട കുടുംബാങ്ങങ്ങൾ ഒന്നിച്ചു ഇരിയ്ക്കുവാനും,ഒരേ സ്വരത്തിൽ സർവേ ശ്വരനോട് പ്രാർത്ഥിയ്ക്കുവാനും കഴിയുക എന്നത് അമൂല്യമായ ഒന്നാണ്. ആ ചെറിയ സമയത്തു ആ കുടുംബത്തിൽ ഉണ്ടാകുന്ന പോസിറ്റീവ് എനർജ്ജിയും,പരസ്പരം,തെറ്റുകൾ പൊറുത്തു കൊടുക്കപെടലുകളുടെയും, ഒത്തൊരുമയുടെയും ഒക്കെ നിമിഷങ്ങൾ ആണ് പ്രദാനം ചെയ്യുക. ആധുനികതയുടെ കാലത്തിനു ഒപ്പം നീന്തുന്ന നമ്മുടെ തിരക്കുകളിൽ സന്ധ്യയ്ക്കു വിളക്ക് കൊളുത്തുവാനും,നാമം ജപിയ്ക്കുവാനും കൂടി സമയം കണ്ടെത്തുക വഴി മനഃശാന്തിയും,ഐശ്വര്യവും,കൈവരും എന്നത് തീർച്ച. നമ്മുടെ ജീവിത തിരക്കുകളിൽ, ടെലിവിഷൻ പോലുള്ളവയുടെ ആകർഷണത്തിൽ നാം കൈവിട്ടുപോയ, നമ്മുടെ പുതിയ തലമുറയ്ക്ക് അന്യം നിറുത്തിയ നിലവിളക്കു തെളിയിയ്ക്കലും,സന്ഡ്യാ നാമ ജപവും നമുക്ക് വീണ്ടും ആരംഭിയ്ക്കാം. ദൈനംദിന ജീവിതത്തിലെ ആത്മസംഘർഷങ്ങളിൽ നിന്നും മോചനം നൽകുന്നതിനു “സന്ധ്യാ നാമ ജപം” പോലുള്ള നമ്മുടെ ആചാര അനുഷ്ഠാനങ്ങൾ എത്രമാത്രം പ്രാധാന്യം അർഹിയ്ക്കുന്നു എന്നത് നമുക്ക് അനുഭവിച്ചുതന്നെ മനസ്സിലാക്കാം.
ജയ് പിള്ള