കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയിലും ഹൂഗ്ലി ജില്ലയിലും അടുത്തിടെ നടന്ന രാമനവമി ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘർഷം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കുമെന്ന് കൽക്കട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യാഴാഴ്ച വിധിച്ചു.
കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അടുത്ത രണ്ടാഴ്ചയ്ക്കകം എൻഐഎയ്ക്ക് കൈമാറണമെന്ന് കൽക്കട്ട ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം, ജസ്റ്റിസ് ഹിരണ്മയ് ഭട്ടാചാര്യ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സംസ്ഥാന പൊലീസിനോട് നിർദേശിച്ചു.
സംഘർഷത്തെത്തുടർന്ന് പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി കൽക്കട്ട ഹൈക്കോടതിയുടെ അതേ ഡിവിഷൻ ബെഞ്ചിനെ കേന്ദ്ര ഏജൻസി അന്വേഷണത്തിനായുള്ള അപേക്ഷയുമായി സമീപിച്ചിരുന്നു.
കോടതി അനുമതി നൽകിയാൽ അന്വേഷണം ഏറ്റെടുക്കുന്നതിൽ പ്രശ്‌നമില്ലെന്ന് ഏപ്രിൽ 10ന് എൻഐഎ അധികൃതർ കൊൽക്കത്ത ഹൈക്കോടതിയെ അറിയിച്ചിരുന്നു.
സംഘർഷത്തിന് ഉത്തരവാദികളെയോ അതിന് പ്രേരിപ്പിച്ചവരെയോ കണ്ടെത്തുന്നത് സംസ്ഥാന പോലീസിന്റെ കഴിവിന് അപ്പുറമാണെന്നും അതിനാൽ കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷണം വേണമെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
സംഘർഷത്തെത്തുടർന്ന് പ്രശ്‌നബാധിത മേഖലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചതിനെ കുറിച്ചും ജസ്റ്റിസ് ശിവജ്ഞാനം ചോദ്യങ്ങൾ ഉന്നയിച്ചു. “ഇത്തരം സംഘട്ടനങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്താൻ കഴിയില്ല. ഇത്തരം സംഭവങ്ങൾ ജനങ്ങളെ പിരിമുറുക്കത്തിലാക്കുന്നു,” അദ്ദേഹം നിരീക്ഷിച്ചു.
പ്രശ്‌നബാധിത പ്രദേശങ്ങളിലെ വീടുകളുടെ മേൽക്കൂരയിൽ നിന്ന് കല്ലെറിയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കാര്യക്ഷമതയെ ഡിവിഷൻ ബെഞ്ച് നേരത്തെ ചോദ്യം ചെയ്തിരുന്നു. മേൽക്കൂരയിൽ കല്ലുകൾ കുമിഞ്ഞുകൂടുന്നത് സംബന്ധിച്ച വിവരം ലഭിക്കുന്നതിൽ ഇന്റലിജൻസിന്റെ പരാജയത്തെ ബെഞ്ച് ചോദ്യം ചെയ്തു.