തിരുവനന്തപുരം: കൃത്യമായ രേഖകൾ സമർപ്പിക്കാത്തതിനാൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് ഫണ്ട് അനുവദിക്കാനാകില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാടില്‍ 66 കോടി രൂപ കേരളത്തിന് നഷ്ടമാകും. നേരത്തെ ലഭിച്ച ഫണ്ട് വിനിയോഗം സംബന്ധിച്ച രേഖകൾ സമർപ്പിക്കാത്തതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ ഈ നടപടി.
സ്റ്റേറ്റ് ഡിസാസ്റ്റർ മിറ്റിഗേഷൻ ഫണ്ട് വിനിയോഗത്തിന്റെ വിവരങ്ങൾ നൽകുന്നതിലാണ് കേരളം വീഴ്ച്ച വരുത്തിയത് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2021-22ലെ എസ്ഡിഎംഎഫിലെ കേന്ദ്രവിഹിതമായ 62.80 കോടി രൂപ 2022 മാർച്ച് 29 ന് അനുവദിച്ചിരുന്നു. ഈ പണം വിനിയോഗിച്ചതിന്റെയും നീക്കിയിരിപ്പിന്റെയും വിവരങ്ങൾ രണ്ട് മാസങ്ങളിലായി ധനമന്ത്രാലയത്തെ അറിയിക്കണം. എന്നാൽ കേരള സർക്കാർ ഇക്കാര്യം ഇതുവരെ അറിയിച്ചിട്ടില്ല.
2021-22 ലെ ഫണ്ട് വിഹിതത്തിന്റെ വിശദാംശങ്ങൾ കേരളം നൽകിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി വി പി ജോയിക്ക് അയച്ച കത്തിൽ ആഭ്യന്തര മന്ത്രാലയം അഡീഷണൽ സെക്രട്ടറി ഹിതേഷ് കുമാർ എസ് മക്വാന പറഞ്ഞു. രേഖകൾ സമർപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കാനും നിർദേശമുണ്ട്. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം ചേർന്ന യോഗത്തിലാണ് തീരുമാനം.