ന്യൂയോർക്ക്: ചേർത്തല സ്വദേശി വർഗീസ് ജോൺ യുകെയിലെ ലണ്ടനിൽ വോക്കിങ് ബറോ കൗൺസിലിൽ ഈ വരുന്ന മെയ് നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ മലയാളി സാന്നിധ്യമായി കൺസേർവേറ്റിവ് പാർട്ടി സ്ഥാനാർത്ഥിയായി ജനവിധി തേടുന്നു.
ഒരു മലയാളി ആദ്യമായിട്ടാണ് ലണ്ടനിലെ വോക്കിങ് ബറോയിൽ മത്സര രംഗത്ത് എത്തുന്നത്. കൺസേർവേറ്റീവ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി സണ്ണി എന്നറിയപ്പെടുന്ന വർഗ്ഗീസ് ജോൺ ഏറ്റുമുട്ടുന്നത് ലിബറൽ ഡെമോക്രാറ്റ് പാർട്ടിയുടെ ശക്തികേന്ദ്രമായ മൌണ്ട് ഹെർമൻ വാർഡിൽ ആണ്.
2010 മുതൽ കൺസേർവേറ്റീവ് പാർട്ടിയിൽ പ്രവർത്തിക്കുന്ന സണ്ണി 2014 മുതൽ ജോലി ചെയ്യുന്ന സെയിൻസ്ബറിസ് എന്ന സ്ഥാപനത്തിൽ അഞ്ഞൂറോളം വരുന്ന സഹപ്രവർത്തകരുടെ തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ പ്രതിനിധിയും പ്രവാസി മലയാളി ഫെഡറേഷൻ എന്ന ആഗോള സംഘടനയുടെ ഗ്ലോബൽ ഓർഗനൈസറും മുൻ ഗ്ലോബൽ ജനറൽ സെക്രട്ടറിയും ആണ്.
വോക്കിങ് ബറോ കൗൺസിലിൽ ഇന്ന് വരെയും ഒരു ഇന്ത്യൻ സാന്നിധ്യം ഉണ്ടായിട്ടില്ല. കുറച്ചു കാലമായി ലിബറൽ ഡെമോക്രറ്റുകളുടെ സിറ്റിംഗ് സീറ്റായ മൌണ്ട് ഹെർമൻ വാർഡിൽ ഇക്കുറി മത്സരം കടുപ്പിക്കാം എന്ന പ്രതീക്ഷയിലാണ് സണ്ണിയെ കൺസേർവേറ്റിവ് പാർട്ടി രംഗത്തിറക്കിയിരിക്കുന്നത് . വിജയിച്ചാൽ അതൊരു പുതിയ ചരിത്രമാകും.
ഇന്ത്യൻ സമൂഹത്തിനും, സ്ഥാനാർത്ഥിയായ വർഗീസ് ജോണിനും പൂർണ്ണ പിന്തുണയുമായി വോക്കിങ് എം.പി. ജോനാഥൻ ലോർഡും കഴിഞ്ഞ ദിവസം വാർഡിൽ പ്രചാരണത്തിന് ഇറങ്ങിയത് എടുത്തു പറയേണ്ടതാണ്.
യുകെയിൽ എൻ.എച്ച്.എസ്-ൽ ജോലി ചെയ്യുന്ന ഭാര്യ ലവ്ലിയും യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ ആൻ തെരേസയും, എ ലെവൽ വിദ്യാർത്ഥി ജേക്കബ് ജോണും അടങ്ങുന്നതാണ് സണ്ണിയുടെ കുടുംബം.
പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ഓർഗനൈസർ ആയ വർഗീസ് ജോണിന്റെ വിജയത്തിന് വിവിധ റിജിയണുകൾ ആശംസകൾ അറിയിച്ചു.