ഡാളസ്: നവകേരള ആശയങ്ങള്‍ക്കുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത് ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയാണെന്ന് ഫ്ലോറിഡായിലെ മയാമിയില്‍ വെച്ച് നവംബര്‍ 2, 3, 4 തീയതികളില്‍ നടക്കുന്ന ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 10-ാമത് രാജ്യാന്തര മാധ്യമ സമ്മേളനത്തിന്റെ ഭാഗമായുള്ള ഡാളസ് ചാപ്റ്റര്‍ കിക്കോഫ് ഉത്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രിയും കടുത്തുരുത്തി എം.എല്‍.എയും ആയ മോന്‍സ് ജോസഫ്.
പ്രസ്സ് ക്ലബ് ഡാളസ് ചാപ്റ്റര്‍ പ്രസിഡന്റ് ഷാജി എസ്. രാമപുരത്തിന്റെ അദ്ധ്യക്ഷതയില്‍ ഡാളസിലെ ഗാര്‍ലന്റിലുള്ള കേരളാ അസ്സോസിയേഷന്‍ ഹാളില്‍ വച്ച് നടത്തപ്പെട്ട സമ്മേളനത്തില്‍ പാലാ എം. എല്‍.എ ശ്രീ. മാണി സി. കാപ്പന്‍, കൈരളി ചാനലിന്റെ നോര്‍ത്ത് ഇന്ത്യ ഹെഡും സീനിയര്‍ ന്യൂസ് എഡിറ്ററുമായ പി.ആര്‍. സുനില്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു.
കേരള സംസ്ഥാനത്തിന്റെ പല വികസന പ്രവര്‍ത്തനങ്ങളിലും പ്രസ്സ് ക്ലബ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ വിലമതിക്കപ്പെട്ടതാണ്. നോര്‍ത്ത് അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി മാധ്യമ പ്രവര്‍ത്തകര്‍ കേരളനാടിന് ഒരു മുതല്‍ക്കൂട്ടാണന്ന് പാലാ എം.എല്‍.എ മാണി സി. കാപ്പന്‍ അഭിപ്രായപ്പെട്ടു.
മാധ്യമപ്രവര്‍ത്തകരുടെയും മാധ്യമ സ്ഥാപനങ്ങളുടെയും സ്വഭാവത്തില്‍ വരുന്ന മാറ്റമാണ് ഈ കാലഘട്ടത്തില്‍ വരുന്ന പ്രധാന വെല്ലുവിളിയെന്ന് കൈരളി ചാനലിന്റെ നോര്‍ത്ത് ഇന്ത്യ ഹെഡും സീനിയര്‍ ന്യൂസ് എഡിറ്ററുമായ ശ്രീ. പി.ആര്‍. സുനില്‍ അഭിപ്രായപ്പെട്ടു. രോഗം ബാധിച്ച പിതാവിനെയും കയറ്റി ബീഹാറിലെ ധന്‍ബന്‍ ഗാവിലേക്ക് 1300 കി.മീ. സെക്കിള്‍ ചവിട്ടിയ പതിനാലുകാരി ജ്യോതികുമാരി എന്ന പെണ്‍കുട്ടിയുടെ ജീവിതകഥ തന്റെ പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി. അത്രയും ദൂരം സൈക്കിള്‍ ചവിട്ടാനുള്ള സാഹചര്യം എന്തെന്ന് ഒരു മാധ്യമവും അന്ന് റിപ്പോര്‍ട്ട് ചെയ്തില്ല എന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
ചടങ്ങില്‍ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ പ്രസിഡന്റ് സുനില്‍ തൈമറ്റം, അഡ്‌വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ബിജു കിഴക്കേക്കുറ്റ്, നാഷണൽ അഡ് വൈസറി ബോർഡ് അംഗവും മുൻ പ്രസിഡന്റും ആയ മധു കൊട്ടാരക്കര, ജോയിന്റ് സെക്രട്ടറി സുധാ പ്ലാക്കാട്ട്, നാഷണൽ ജോയിന്റ് ട്രഷറാർ ജോയ് തുമ്പമൺ, ഹ്യുസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ജോർജ് തെക്കേമല, കേരള അസോസിയേഷൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ, ഫോമാ മുൻ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ എന്നിവർ സംസാരിച്ചു.
ഫ്ലോറിഡായിലെ മായാമിയിൽ വെച്ച് നടക്കുന്ന രാജ്യാന്തര മാധ്യമ സമ്മേളനത്തിന് ഡാളസിൽ നിന്ന് അവെന്റ് ഗ്രുപ്പ് ഓഫ് കമ്പനിസ് സിഇഒ ഫ്രിക്സ്മോൻ മൈക്കിൾ, ഫോമാ മുൻ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, ലോസൻ ട്രാവൽസ് സിഇഒ ബിജു തോമസ് എന്നിവർ ആദ്യ സ്പോൺസർഷിപ് നൽകി കിക്കോഫിന് തുടക്കം കുറിച്ചു.
ഐറിൻ കല്ലൂരിന്റെ ഈശ്വര പ്രാർത്ഥനയോടു കൂടി ആരംഭിച്ച സമ്മേളനം ഡാളസ് ചാപ്റ്റർ സെക്രട്ടറി സജി സ്റ്റാർലൈൻ സ്വാഗതവും, ട്രഷറാർ തോമസ് കോശി നന്ദിയും അറിയിച്ചു. ഡാളസിലെ സാമൂഹിക സാംസ്‌ക്കാരിക രംഗത്തുള്ള പ്രമുഖർ പങ്കെടുത്ത സമ്മേളനത്തിന് ചാപ്റ്റര്‍ പ്രസിഡന്റ് ഷാജി എസ്. രാമപുരം, സെക്രട്ടറി സജി സ്റ്റാര്‍ലൈന്‍, ട്രഷറാര്‍ തോമസ് കോശി, വൈസ് പ്രസിഡന്റ് രവികുമാര്‍ എടത്വാ, ജോയിന്റ് സെക്രട്ടറി മാര്‍ട്ടിന്‍ വിലങ്ങോലിൽ, ചാപ്റ്റർ ഉപദേശക സമിതി അംഗങ്ങളായ എബ്രഹാം തോമസ്, ജോസ് പ്ലാക്കാട്ട് എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.