കാസർകോട്: എഐ ക്യാമറ സ്കീം അഴിമതിക്ക് വേണ്ടിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 132 കോടിയുടെ അഴിമതിയാണ് നടന്നതെന്നും ചെന്നിത്തല പറഞ്ഞു. 100 കോടി ചെലവിൽ പൂർത്തിയാക്കാമായിരുന്ന പദ്ധതിക്ക് 232 കോടിയാണ് ചെലവാക്കിയത്. ഈ പദ്ധതിയില്‍ 132 കോടിയുടെ അഴിമതിയാണ് നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടെൻഡറിൽ ഒത്തുകളി നടന്നതായും ചെന്നിത്തല ആരോപിച്ചു. ടെൻഡറിന്റെ ആദ്യഘട്ടം മുതൽ ക്രമക്കേട് നടന്നന്നിട്ടുണ്ട്. ഒരു തുടക്കക്കാരായ എസ്ആര്‍ഐടിക്ക് എങ്ങനെ ടെക്നിക്കല്‍ ഇവാലുവേഷന്‍ അംഗീകാരം നല്കി, പത്ത് വര്‍ഷത്തെ പ്രവൃത്തിപരിചയമില്ലാത്ത അക്ഷര എന്റര്‍പ്രൈസസിനെ ടെന്‍ഡര്‍ നടപടികളില്‍ എങ്ങനെ ഉള്‍പ്പെടുത്തി? തുടങ്ങിയ ചോദ്യങ്ങളും ചെന്നിത്തല ഉന്നയിച്ചു.
കെല്‍ട്രോണ്‍ പുറത്തുവിട്ട രേഖകളില്‍നിന്ന് തന്നെ ക്രമക്കേടും അഴിമതിയും വ്യക്തമാണെന്ന് ചെന്നിത്തല പറഞ്ഞു. ഇഷ്ടമുള്ള കമ്പനിക്ക് കരാര്‍ നല്‍കാനായി ടെക്നിക്കല്‍ ഇവാലുവേഷന്‍ റിപ്പോര്‍ട്ട് അടക്കമുള്ളവ കെല്‍ട്രോണ്‍ തട്ടിപ്പ് രേഖകളാക്കി മാറ്റി.
രണ്ട് പ്രധാനപ്പെട്ട രേഖകള്‍ കെല്‍ട്രോണ്‍ മറച്ചുവച്ചെന്ന് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ ഒളിച്ചുവച്ച രേഖകള്‍ താന്‍ പുറത്തുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ടെക്നിക്കല്‍ ഇവാലുവേഷന്‍ റിപ്പോര്‍ട്ട്, ഫിനാന്‍ഷ്യല്‍ ബിഡ് ഇവാലുവേഷന്‍ സമ്മറി എന്നിവയുടെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ ചെന്നിത്തല പുറത്തുവിട്ടു.
വിഷയത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ഒളിച്ചുകളി തുടരുകയാണെന്നും ചെന്നിത്തല വിമര്‍ശിച്ചു. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ തെറ്റെന്ന് തെളിയിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.