മങ്കട: ഇടതു സർക്കാർ കെട്ടിടപെർമിറ്റ് ഫീസ് കുത്തനെ ഉയർത്തിയതോടെ പ്രയാസത്തിലായത് വീട് എന്ന സ്വപ്നവുമായി നടക്കുന്ന സാധരണക്കാരാണ്. കഴിഞ്ഞ ഏപ്രിൽ 10 മുതൽ പെർമിറ്റ് ഫീസ് ഇനത്തിൽ പത്തിരട്ടിയിൽ ഏറെ വർധനയാണ് സർക്കാർ കൊണ്ട് വന്നിരിക്കുന്നത്. സർക്കാരിൻ്റെ ഈ പകൽ കൊള്ളയെ ജനമധ്യത്തിൽ തുറന്നു കാണിച്ച്, ഇതിനെതിരെ ജനകീയ പ്രതിഷേധം ശക്തിപ്പെടുത്തുമെന്ന് വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് ഫാറൂഖ് കെ പി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗൃഹസമ്പർക്ക കാമ്പയിൻ വിശദീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്യാമ്പയിൻ മണ്ഡലം തല ഉദ്ഘാടനം കേരള ഗവൺമെന്റ് കോൺട്രാക്റ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കുറ്റിപ്പുളിയൻ അബ്ബാസ് നിർവ്വഹിച്ചു.
ജനങ്ങളെ പരമാവധി ഊറ്റിയെടുത്ത് , അഴിമതിക്കും ധൂർത്തിനും കളമൊരുക്കുന്ന സമീപനമാണ് സർക്കാർ പിൻപറ്റുന്നതെന്ന് കാമ്പയിൻ കൺവീനർ ഷിഹാബ് തിരൂർക്കാട് പറഞ്ഞു. പാർട്ടി ജില്ലാ സെക്രട്ടറി ആരിഫ് ചുണ്ടയിൽ, മണ്ഡലം സെക്രട്ടറി സലാം സിഎച്, അസി സെക്രട്ടറി ഡാനിഷ് മങ്കട, മണ്ഡലം കമ്മിറ്റി അംഗം സെയ്താലി വലമ്പൂർ തുടങ്ങിയവർ സംബന്ധിച്ചു.