ഹ്യൂസ്റ്റൺ: മലയാളി രാഷ്ട്രീയം നിറഞ്ഞാടിയ സ്റ്റാഫോർഡ് സിറ്റി ഇലക്ഷനിൽ മേയർ സ്ഥാനാർഥി കെൻ മാത്യുവും നിലവിലെ മേയർ സിസിൽ വില്ലിസും റൺ ഓഫിലേക്ക് പോയി. ഇവർ വീണ്ടും മത്സരിച്ചു വിജയിയാകുന്ന ആൾ മേയറാകും. മേയർ സ്ഥാനത്തേക്ക് ആകെ നാലു സ്ഥാനാർഥികളാണ് രംഗത്തുണ്ടായിരുന്നത്. അതിൽ നിലവിലെ മേയർ സിസിൽ വില്ലിസിനു 42 ശതമാനം വോട്ട് ലഭിച്ചപ്പോൾ 27ശതമാനം വോട്ടുകൾ നേടിയ കെൻ രണ്ടാംസ്ഥാനത്തെത്തി.
അടുത്ത എതിരാളികളായ ഡോൺ ജോൺസ്, വെൻ ഗുവേര എന്നിവർ പതിനാറു ശതമാനം വീതം വോട്ടുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സിറ്റി കൌൺസിൽ സ്ഥാനത്തേക്ക് മത്സരിച്ച മലയാളിയായ ഡോ. മാത്യു വൈരമൺ തൊട്ടടുത്ത സ്ഥാനാർഥി ടിം വുഡിനോട് 190 വോട്ടുകൾക്ക് പരാജയപ്പെട്ടു.
സ്റ്റാഫോർഡ് ജനത കൗതുകകരമായി കണ്ട ഈ ഇലക്ഷനിൽ ഒരു വെള്ളക്കാരൻ, ഒരു ആഫ്രിക്കൻ അമേരിക്കൻ, ഒരു ഹിസ്പാനിക്, ഒരു ഇന്ത്യക്കാരൻ എന്നിവരാണ് മേയർ സ്ഥാനാര്ഥികളായുണ്ടായിരുന്നത്. വോട്ട് ശതമാനം തെളിയിക്കുന്ന അടിസ്ഥാനത്തിൽ മാസങ്ങൾക്കുള്ളിൽ നടക്കുവാൻ പോകുന്ന മുഖ്യ തിരഞ്ഞെടുപ്പിൽ കെൻ മാത്യുവിന് വിജയിക്കാനുള്ള എല്ലാ സാധ്യതകളുമാണ്.
കാരണം പതിനാറു വർഷങ്ങളായി സിറ്റി കൌൺസിൽ സ്ഥാനം വഹിച്ചിരുന്ന കെൻ മാത്യുവിനു പിന്തുണ നൽകിയിരുന്നത് ആഫ്രിക്കൻ അമേരിക്കൻ, ഹിസ്പാനിക് സമൂഹമാണ്. പോരെങ്കിൽ മേയർ വില്ലിസ് കോൺഫെഡറേറ്റ് ഫ്ലാഗ് ധരിച് സിറ്റി ഓഫീസിൽ വന്നു എന്ന് ആരോപിച്ചാണ് മേല്പറഞ്ഞ രണ്ടുവിഭാഗങ്ങളിൽ നിന്നും സ്ഥാനാർഥികൾ ഉണ്ടായതു തന്നെ. അതുകൊണ്ടു തന്നെ ഈ രണ്ടു വിഭാഗങ്ങളുടെയും ഭൂരിപക്ഷ പിന്തുണ കെൻ മാത്യുവിനുണ്ടാകും എന്നാണ് നിരീക്ഷകർ കരുതുന്നത്.
അതുപോലെ തന്നെ ഇരുനൂറോളം ഇന്ത്യൻ വോട്ടർമാരുള്ള സ്ഥലത്തു നൂറോളം പേര് മാത്രമാണ് ഇത്തവണ വോട്ടുചെയ്തത്. അവരെക്കൂടി രംഗത്തിറക്കാൻ പറ്റിയാൽ കെൻ മാത്യുവിൻറെ വിജയം ഉറപ്പാക്കും.