കൊച്ചി: കുടുംബങ്ങളുടെ ആത്മീയ അടിത്തറയും വിശുദ്ധിയും തകര്‍ക്കുന്ന സ്വവര്‍ഗ്ഗ വിവാഹ നിയമനിര്‍മ്മാണം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി ലെയ്റ്റി കൗണ്‍സില്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കി.
സമൂഹത്തിന്റെ അടിസ്ഥാനമായ കുടുംബങ്ങളുടെ പവിത്രതയും ധാര്‍്മ്മികതയും നഷ്ടപ്പെടുത്തുന്നതാണ് സ്വവര്‍ഗ്ഗവിവാഹങ്ങളെന്നും കുടുംബ ബന്ധങ്ങളുടെ മഹത്വവും മൂല്യങ്ങളും നഷ്ടപ്പെടുത്തുന്ന നിയമനിര്‍മ്മാണങ്ങള്‍ രാഷ്ട്രത്തിന്റെ പൈതൃകത്തേയും ആര്‍ഷഭാരത സാംസ്‌കാരിക പാരമ്പര്യങ്ങളെയും കളങ്കപ്പെടുത്തുമെന്നും നിവേദനത്തില്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റിയന്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.
സ്വവര്‍ഗ്ഗവിവാഹങ്ങളെ ധാര്‍മ്മികമായി അംഗീകരിക്കാന്‍ കത്തോലിക്കാസഭയ്ക്കാവില്ല. പുരുഷനും സ്ത്രീയും വിവാഹം വഴിയുള്ള ധാമ്പത്യ ധര്‍മ്മത്തിലൂടെ പ്രാപിക്കുന്ന സ്‌നേഹസമ്പൂര്ണ്ണതയും പ്രത്യുല്പാദന ഉത്തരവാദിത്വവും വിവാഹത്തെ മഹത്തരമാക്കുമ്പോള്‍ അതിനെ വെല്ലുവിളിക്കുന്ന നിയമനിര്‍മ്മാണങ്ങള്‍ സമൂഹത്തില്‍ അരക്ഷിതാവസ്ഥയും സംഘര്‍ഷങ്ങളും സൃഷ്ടിക്കും.
സ്വവര്‍ഗ്ഗ വിവാഹത്തിന്റെ നിയമസാധുതയില്‍ സുപ്രീംകോടതി തീരുമാനമെടുക്കരുതെന്നുള്ള കേന്ദ്ര നിയമമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണ്. സ്വവര്‍ഗ്ഗവിവാഹങ്ങള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കേണ്ടത് പാര്‍ലമെന്റാണെന്നുള്ള സുപ്രീംകോടതിയുടെ നിരീക്ഷണവും മുഖവിലയ്‌ക്കെടുക്കണം. വിവിധ സംസ്ഥാന സര്‍ക്കാരുകളും ബഹുജന സംഘടനകളും സാമൂഹ്യ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്ന സ്വവര്‍ഗ്ഗ വിവാഹ നിയമനിര്‍മ്മാണങ്ങള്‍ക്കെതിരെ ഉറച്ച നിലപാടുകള്‍ കൈക്കൊണ്ട് പ്രഖ്യാപിക്കണമെന്നും മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലും ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യനും അഭ്യര്‍ത്ഥിച്ചു.