കേരളത്തെക്കുറിച്ച് വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ കുത്തിനിറച്ച കേരള സ്റ്റോറി സിനിമയ്ക്കെതിരെ വിവിധ സംസ്ഥാന സർക്കാരുകൾ നടപടി എടുത്തിട്ടും കേരള സർക്കാർ നടപടിയൊന്നും എടുക്കാത്തത് അപഹാസ്യമായ നിലപാടാണെന്ന് എ.പി. സി. ആർ സംസ്ഥാന പ്രസിഡൻറ് അഡ്വക്കേറ്റ് പി ചന്ദ്രശേഖരൻ പ്രസ്താവിച്ചു.
സിനിമയെ പ്രോത്സാഹിപ്പിച്ചും നികുതി ഇളവ് പ്രഖ്യാപിച്ചും വിവിധ സംസ്ഥാന സർക്കാരുകളും BJP നേതാക്കളും സിനിമയ്ക്ക് പിന്തുണ നൽകുമ്പോൾ പ്രദർശനം നിരോധിച്ച് കുപ്രചരണങ്ങളെ നേരിട്ട സംസ്ഥാനങ്ങളും രാജ്യത്തുണ്ട്. പ്രസ്താവനകളിലൂടെ സിനിമയെ അപലപിക്കുക എന്നതിലപ്പുറം കേരള സർക്കാർ നിയമ സംവിധാനത്തിലൂടെ അതിനെതിരെ നടപടിയെടുക്കാത്തത് അപഹാസ്യകരമാണ്.
സിനിമയ്ക്കെതിരെ എപിസിആർ ദേശീയ മനുഷ്യാവകാശ കമ്മീഷനും സെൻസർ ബോർഡിനും പരാതി നൽകിയിരുന്നെങ്കിലും നടപടിയൊന്നും എടുത്തിരുന്നില്ല.
കേരള ജനതയെക്കുറിച്ച് ഭീതി പരത്തുന്നതും ഇവിടത്തെ സാമുദായിക സൗഹാർദങ്ങളെ സംശയത്തിലാഴ്ത്തുന്നതുമായ ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കുക എന്നത് കേരള സർക്കാരിൻ്റെ ഉത്തരവാദിത്വമാണ്. ഇടതു ഭരണകർത്താക്കളുടെ മുൻ പ്രസ്താവനകളാണ് ഇത്തരം കുപ്രചരണങ്ങൾക്ക് ബലമേകുന്നത് എന്നിരിക്കെ കേരള സർക്കാർ കൂടുതൽ ശക്തമായ നടപടികൾ എടുക്കേണ്ടതാണെന്ന് എറണാകുളത്ത് നടന്ന എപിസിആർ ജനറൽ ബോഡി മീറ്റിങ്ങിൽ പങ്കെടുത്തു കൊണ്ട് അദ്ദേഹം പ്രസ്താവിച്ചു.