അല ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിനായി ന്യൂജെഴ്‌സി ഒരുങ്ങി

ന്യൂജെഴ്‌സി: കലാസാഹിത്യരംഗത്തെ പ്രശസ്തരെ പങ്കെടുപ്പിച്ച് ന്യൂജെഴ്‌സിയിലും ചിക്കാഗോയിലും അല സംഘടിപ്പിക്കുന്ന ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കി.

മെയ് 20ന് ന്യൂജേഴ്സിയിലാണ് അലയുടെ ഒന്നാംപാദ സാഹിത്യോത്സവം അരങ്ങേറുക. അലയുടെ ബോർഡ് ഓഫ് ട്രസ്റ്റിയുടെയും ദേശീയ കമ്മിറ്റിയുടെയും മേൽനോട്ടത്തിൽ ന്യൂജേഴ്‌സി , ന്യൂയോർക് , പെൻസിൽവാനിയ, ബോസ്റ്റൺ എന്നീ ചാപ്റ്ററുകൾ ന്യൂജേഴ്‌സിയിൽ നടക്കുന്ന പരിപാടിക്ക് നേതൃത്വം നൽകും.

ന്യൂജെഴ്‌സിയിലെ അല ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മലയാളത്തിൻ്റെ എഴുത്തുകാരായ പോൾ സഖറിയ (സഖറിയ), ബെന്യാമിൻ, കാലിഗ്രാഫിയിലൂടെ ശ്രദ്ധേയയായ ഡോണ മയൂര എന്നിവർ അതിഥികളായി എത്തും. സാഹിത്യോത്സവത്തിന് അനുബന്ധമായി അലയിലെ പ്രതിഭകൾ കഥകളി ഉൾപ്പെടെയുള്ള കലാവിരുന്നുകളും അവതരിപ്പിക്കും.

2023 മെയ് 20 ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.00ന് ന്യൂജെഴ്‌സിയിൽ നടക്കുന്ന സാഹിത്യോത്സവത്തിന്റെ അക്ഷരവേദിയിൽ പ്രീയപ്പെട്ട എഴുത്തുകാരൻ സഖറിയ “സ്വാതന്ത്ര്യം തന്നെ ജീവിതം” എന്ന വിഷയത്തിൽ സംവദിക്കും. ഇതിനെത്തുടർന്ന് ആടുജീവിതത്തിന്റെ കഥാകാരൻ ബെന്യാമിൻ “മാറുന്ന ലോകത്തെയും മാറുന്ന പ്രവാസികളെയും” കുറിച്ച് സംസാരിക്കും.

സമകാലീന മലയാള സാഹിത്യത്തിന്റെ സമ്മിശ്ര ഭാവങ്ങളെ സംബന്ധിച്ച് ഡോണ മയൂര അനുഭവങ്ങളും അഭിപ്രായങ്ങളും ആശങ്കകളും പങ്കുവയ്ക്കും.

സംഭാഷണ പരമ്പരയിൽ യഥാക്രമം കീർത്തിക് ശശിധരൻ, നസീർ ഹുസൈൻ, ആർദ്ര മാനസി എന്നിവർ മോഡറേറ്റർമാരായി എത്തും.

സാഹിത്യോത്സവത്തിന്റെ ഭാഗമായി മണ്ഡപത്തിൽ രജനി മേനോന്റെ കഥകളി (പൂതനാമോക്ഷം), നിമ്മി ആർ. ദാസ് അവതരിപ്പിക്കുന്ന നൃത്തരൂപം ( ഇനി ഞാൻ പോയ് വരാം), നിഷാ പ്രദീപ്, സ്വപ്ന കാലത് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന നൃത്തം “ദി വിസ്‌ഡം വിത്തിൻ” എന്നിവയും അരങ്ങേറും.

സാഹിത്യോത്സവത്തോട് അനുബന്ധമായി മലയാളിയുടെ പ്രിയങ്കരനായ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകൾ ഉണർത്തുന്ന രീതിയിൽ തയ്യാറാക്കുന്ന ബഷീർ കോർണർ, പ്രശസ്ത എഴുത്തുകാരുടെ 400ൽ അധികം പുസ്തകങ്ങളുമായി ഒരുങ്ങുന്ന ബുക്ക്സ്റ്റാൾ, കേരളത്തിലെ വിവിധയിനം പലഹാരങ്ങളും വിഭവങ്ങളും അടങ്ങുന്ന ഫുഡ് കോർണർ എന്നിവയും സജ്ജീകരിക്കും. ആവശ്യക്കാർക്ക് പുസ്തകങ്ങൾ മുൻകൂർ ഓർഡർ ചെയ്ത്, എഴുത്തുകാരുടെ കയ്യൊപ്പോടുകൂടിയ പുസ്തകങ്ങൾ കരസ്തമാക്കാനും അവസരമുണ്ട്.

ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തുന്ന കുട്ടികൾക്കായി ചിത്രരചന ശില്പശാലയും സംഘടിപ്പിച്ചിട്ടുണ്ട്.

 

Print Friendly, PDF & Email

Leave a Comment

More News