ചണ്ഡീഗഡ്: വാണിജ്യ കെട്ടിടം പണിയാൻ അനുമതി നൽകിയതിന് പകരം 1.11 കോടി രൂപ കൈക്കൂലി വാങ്ങിയതിന് ഹരിയാന കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥൻ ധർമേന്ദർ സിംഗിനെ ഗുരുഗ്രാമിൽ നിന്ന് സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം സോനിപത് മുനിസിപ്പൽ കമ്മീഷണറായി നിയമിതനായ സമയത്താണ് സംഭവം നടന്നത്. സിംഗ്, നിലവിൽ ഡൽഹിയിലെ ഹരിയാന ഭവനിൽ റസിഡന്റ് കമ്മീഷണറായി നിയമിതനാണ്.
പ്രത്യേക അന്വേഷണ സംഘവും (എസ്‌ഐടി) ഫരീദാബാദ് പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് സിംഗിനെ അറസ്റ്റ് ചെയ്തത്. കരാറുകാരനിൽ നിന്ന് 1.11 കോടി രൂപ കൈക്കൂലി വാങ്ങുകയും ടെൻഡർ തുക 55 കോടിയിൽ നിന്ന് 87 കോടി രൂപയായി വർദ്ധിപ്പിക്കുകയും ചെയ്തെന്നാണ് അദ്ദേഹത്തിന്റെ പേരിലുള്ള കുറ്റാരോപണം.
ന്യൂഡൽഹിയിലെ രഞ്ജിത് നഗർ നിവാസിയായ ലളിത് മിത്തലിന്റെ പരാതിയിൽ കഴിഞ്ഞ വർഷം ഫരീദാബാദിലെ കോട്വാലി പോലീസ് സ്റ്റേഷനിൽ ഐപിസി 420, 120 ബി, അഴിമതി നിയമം എന്നിവ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. സോനിപത് മുനിസിപ്പൽ കോർപ്പറേഷനിൽ സർക്കാർ ടെൻഡർ ലഭിക്കുന്നതിന് വേണ്ടി പങ്കജ് ഗാർഗ്, ആർബി ശർമ, ജെകെ ഭാട്ടിയ എന്നിവർ ചേർന്ന് തന്നിൽ നിന്ന് 1.11 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് അദ്ദേഹം ആരോപിച്ചു.
കൈക്കൂലി തുക ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ വിതരണം ചെയ്തതായി മൂവരും മിത്തലിനോട് പറഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, സർക്കാർ കരാറൊന്നും മിത്തലിന് ലഭിച്ചില്ല. മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണറായിരിക്കെ സോനിപത്തിലെ കെട്ടിട നിർമാണത്തിൽ സിംഗ് ക്രമക്കേട് നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായി. 52 കോടിയുടെ ടെൻഡർ തുക 87 കോടിയായി ഉയർത്തുകയും ചെയ്തു.
“ഐഎഎസ് ഉദ്യോഗസ്ഥൻ ധർമ്മേന്ദർ സിംഗ് അഴിമതിക്കേസിൽ അറസ്റ്റിലായി. കൊറോണ വൈറസ് പാൻഡെമിക് കാലഘട്ടത്തിൽ അദ്ദേഹത്തെ ഫരീദാബാദിലും നിയമിച്ചു. ഇയാളെ ചൊവ്വാഴ്ച പ്രാദേശിക കോടതിയിൽ ഹാജരാക്കി നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു,” ഫരീദാബാദ് പോലീസ് വക്താവ് സുബേ സിംഗ് പറഞ്ഞു.
അതേസമയം, മറ്റൊരു സംഭവവികാസത്തിൽ, അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) തന്നെയും കുടുംബത്തെയും പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഡി സുരേഷ് തന്റെ കുടുംബത്തിന് പോലീസ് സംരക്ഷണം തേടി.