ന്യൂഡല്‍ഹി: ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കരുതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് സുപ്രീം കോടതി പറഞ്ഞു. ഛത്തീസ്ഗഡ് മദ്യ അഴിമതി കേസിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ കുടുക്കാൻ ശ്രമിക്കുന്നുവെന്ന സംസ്ഥാന സർക്കാരിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ ഇടപെടൽ.
നിലവിലുള്ള ഹർജികളിൽ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് സർക്കാർ നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ എസ് കെ കൗൾ, എ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. മദ്യക്കച്ചവടവുമായി ബന്ധപ്പെട്ട് 2000 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ കള്ളക്കേസിൽ കുടുക്കാനാണ് ശ്രമിക്കുന്നതെന്നാണ് ആരോപണം.
കുടുംബാംഗങ്ങൾ ഉൾപ്പെടെ തങ്ങളെ അറസ്റ്റ് ചെയ്യുമെന്ന് ഇഡി ഭീഷണിപ്പെടുത്തിയതായി നിരവധി എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ പരാതിപ്പെട്ടിരുന്നതായി സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയെ കേസിൽ പ്രതിയാക്കാനും ശ്രമം നടക്കുന്നുണ്ട്. “ഇഡി വളരെ വേഗത്തിലാണ് പ്രവർത്തിക്കുന്നത്. അവർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നു. ഇത് ഞെട്ടിക്കുന്ന സാഹചര്യമാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതാണ് ഇതിന് പിന്നിലെ കാരണം,” ഛത്തീസ്ഗഡ് സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. എക്സൈസ് വകുപ്പിൽ ജോലി ചെയ്യാൻ ചില ഉദ്യോഗസ്ഥർ വിസമ്മതം പ്രകടിപ്പിച്ചതായും സംസ്ഥാനം കോടതിയെ അറിയിച്ചു.
ഇ ഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു, ആരോപണങ്ങളെ എതിർക്കുകയും സംസ്ഥാനത്ത് മദ്യ അഴിമതിയിൽ അന്വേഷണം നടത്തുകയാണെന്നും അറിയിച്ചു. എന്നാല്‍ ഇ ഡി ഇത്തരത്തില്‍ പെരുമാറുന്നത് നല്ല ഉദ്ദേശ്യത്തെ പോലും സംശയിക്കുന്ന സാഹചര്യത്തിലേക്ക് നയിക്കുമെന്ന് കോടതി നിരീക്ഷിച്ചു. “നിങ്ങൾ ഇങ്ങനെ പെരുമാറുമ്പോൾ ഒരു നല്ല ഉദ്ദേശ്യം പോലും സംശയിക്കപ്പെടുന്നു. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കരുത്.” കോടതി വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ ചില വ്യവസ്ഥകളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനമാണ് ഛത്തീസ്ഗഡ്. കേന്ദ്രവുമായോ മറ്റേതെങ്കിലും സംസ്ഥാനവുമായോയുള്ള തർക്കവിഷയങ്ങളിൽ സുപ്രീംകോടതിയെ നേരിട്ട് സമീപിക്കാൻ സംസ്ഥാനത്തിന് അധികാരം നൽകുന്ന ആർട്ടിക്കിൾ 131 പ്രകാരമാണ് നിയമത്തെ ചോദ്യം ചെയ്ത് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
ഈ വകുപ്പുകൾ ദുരുപയോഗം ചെയ്ത് കേന്ദ്ര അന്വേഷണ ഏജൻസികൾ സർക്കാരിന്റെ സ്വാഭാവികമായ പ്രവർത്തനം തടസ്സപ്പെടുത്തുന്നുവെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രധാന ആരോപണം.