2018 ന്റെ പാട്ടുകളും ഹിറ്റ്‌: അമേരിക്കയിലിരുന്നു മഴപ്പാട്ടുകളെഴുതി ജോ പോൾ

2018 സിനിമ സൂപ്പർ ഹിറ്റ്‌ സമ്മാനിച്ചു നൂറു കോടിയും കടന്ന് തീയേറ്ററുകളിൽ നിറഞ്ഞോടുമ്പോൾ അതിലെ ഗാനങ്ങളും മലയാളികൾ നെഞ്ചോട് ചേർക്കുന്നു.

2018-ലെ ഗാനങ്ങൾക്ക്‌ വരികളെഴുതിയിരിക്കുന്നത് ജോ പോൾ ആണ്. ടെക്‌സസിലെ ഡാലസിനടുത്തുള്ള പ്ലേനോയിൽ ആണ് ജോ താമസം. 2018-ലെ പകുതിയിലധികം ഗാനങ്ങൾക്ക്‌ വരികൾ കുറിച്ചതും അവിടെ വെച്ചു തന്നെ. ഈ വർഷമാദ്യം സംവിധായകൻ ജൂഡ് ആന്തണി ജോസഫാണ് ഈ സിനിമയിലെ പാട്ടുകളെഴുതാൻ ജോയെ വിളിക്കുന്നത്. സിനിമയുടെ ബാക്ഗ്രൗണ്ട് സ്കോറിന്റെ ഭാഗമായി വരുന്ന രണ്ട് ട്രാക്കുകൾ ഉൾപ്പെടെ അഞ്ച് പാട്ടുകൾ 2018-ലുണ്ട്. വില്യം ഫ്രാൻസിസ് ഒരു ഗാനവും നോബിൻ പോൾ മറ്റെല്ലാ ഗാനങ്ങളും ഒരുക്കിയിരിക്കുന്നു.

സിനിമയുടെ ആദ്യ ഭാഗത്തുള്ള ശങ്കർ മഹാദേവൻ പാടി വില്യം ഫ്രാൻസിസ് ഈണം നൽകിയ “മിന്നൽ മിന്നാണേ” എന്ന നാടൻ ശൈലിയിൽ ചടുലതയിലുള്ള പാട്ടു കേൾക്കുമ്പോൾ തന്നെ വരികൾ മനസ്സിൽ ഇടം പിടിക്കും. അത്രയ്ക്കും ഹൃദ്യം.

അതുപോലെ തന്നെ റൊമാന്റിക് ടച്ചുള്ള “വെൺമേഘം മെല്ലെ പൊഴിയുമോ” എന്നുള്ള ഗാനത്തിന്റെ വരികളും സംഗീതവും ഏറെ ആസ്വാദ്യകര്യം. ഈ രണ്ടു പാട്ടുകളും യൂട്യൂബിൽ ഇറങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കകം സംഗീതപ്രേമികൾ ഏറ്റെടുത്തു. മറ്റു പാട്ടുകൾ സ്പോട്ടിഫൈ ഉൾപ്പെടെയുള്ള സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽ ഇപ്പോൾ ലഭ്യമാണ്. ആദ്യമായാണ് മുഴുനീള മഴപ്പാട്ടുകൾക്ക്‌‌ വരികൾ എഴുതുന്നെതെന്നു ജോ പറഞ്ഞു. കഴിഞ്ഞ 23 വർഷമായി അമേരിക്കയിൽ താമസിക്കുന്ന ജോ, ‘ക്വീൻ’, ‘രണം’ തുടങ്ങിയ സിനിമകളിലെ പാട്ടെഴുത്തിലൂടെയാണ് മലയാളസിനിമാരംഗത്ത് പരിചിതനാകുന്നത്. പിന്നീട്‌ ‘പറയുവാനിതാദ്യമായ്‌’ (ഇഷ്‌ക്), ‘മധു പോലെ പെയ്ത മഴയേ’ (ഡിയർ കോമ്രേഡ്), ‘ഇളംപൂവേ’ (അന്വേഷണം), ‘മധുരജീവരാഗം’ (സുന്ദരി ഗാർഡൻസ്), ‘മന്ദാരപ്പൂവേ’ (കുമാരി), ‘പകലോ കാണാതെ’ (സൗദി വെള്ളക്ക) തുടങ്ങിയ അനവധി ഗാനങ്ങളിലൂടെ ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിച്ചു.

ജോയുമായുള്ള അഭിമുഖത്തിൽ നിന്ന്.

2018-ഉം അതിലെ പാട്ടുകളും ഹിറ്റാകുമ്പോൾ എന്ത് തോന്നുന്നു ? 2018 പ്രളയ കാലത്തു അമേരിക്കയിലായിരുന്നോ?

അതെ. പ്രളയത്തിന്റെ സമയത്ത് അമേരിക്കയിലായിരുന്നു. കൊച്ചിയിൽ എളംകുളത്ത് ഞങ്ങളുടെ വീട്‌ പ്രളയത്തിൽ അകപ്പെട്ടിരുന്നില്ലെങ്കിലും, നമ്മുടെ നാട് കടന്നുപോയ ദുരിതനാളുകൾ അത് നേരിട്ടനുഭവിച്ച പലരുടെയും വിവരണങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.

2018 സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ജൂഡുമായി ‘സാറാസ്’ എന്ന സിനിമയിലെ പാട്ടൊരുക്കം മുതൽ സൗഹൃദമുണ്ട്. പാട്ടെഴുത്തിനെ സഹായിച്ചത് ജൂഡിന്റെ വ്യക്തമായ കഥ പറച്ചിലാണ്. ഈണത്തിനൊപ്പിച്ച് വരികളെഴുതുകയായിരുന്നു. ഈ വലിയ പ്രോജക്റ്റിന്റെ പ്രതീക്ഷയ്ക്കൊപ്പം അതിലെ ഗാനങ്ങളുടെ വരികൾ എഴുതുകയെന്നത് ആദ്യം ഒരു വെല്ലുവിളിയായി തോന്നിയെങ്കിലും ജൂഡ്‌ ഒപ്പം നിന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം, വളരെ ലളിതമായ, ആർക്കും എളുപ്പം മനസ്സിലാകുന്ന തരത്തിലുള്ള വാക്കുകളും ആശയങ്ങളുമാണ് ഇതിലെ ഗാനങ്ങളിൽ ഉടനീളം ഉപയോഗിച്ചിട്ടുള്ളത്.

വിഡിയോ കണ്ടിട്ടാണോ വരികൾ എഴുതിയത്? സിനിമ കണ്ടിരുന്നോ?

‘വെൺമേഘം’ എന്ന ഗാനത്തിന്റെ വിഡിയോ വരികൾ എഴുതുന്നതിന് മുൻപ് കണ്ടിരുന്നു. ഓരോ പാട്ടിലും എന്താണ് വരികളിലൂടെ പറയേണ്ടതെന്ന് ജൂഡ് വ്യക്തമായി പറഞ്ഞു തന്നിരുന്നു. ഡാലസിൽ ലൂയിസ്വിൽ വിസ്റ്റാറിഡ്ജ് സിനിമാർക് തീയറ്ററിൽ കഴിഞ്ഞ ദിവസം ആണ് സിനിമ കണ്ടത്. സാധാരണ ടെക്നിക്കൽ ആസ്‌പെക്റ്റിൽ സിനിമ കാണാറുള്ള ഞാൻ സിനിമയിൽ മുഴുനീളം ലയിച്ചു പോയി. അത്ര ഹൃദയസ്പർശിയായാണ് ജൂഡ് സിനിമയെടുത്തിരിക്കുന്നത്. അഖിൽ ജോർജ്ജിന്റെ ക്യാമറ വർക്കും, ചമന്റെ എഡിററിംഗും, നോബിന്റെ സംഗീതവും എടുത്ത് പറയേണ്ടതാണ്.

ഫാമിലി സപ്പോർട്ടീവ് ആണോ ?

നൂറു ശതമാനം സപ്പോർട്ടീവ്‌ ആണ്. ഭാര്യ ധന്യയുമായി പാട്ടിന്റെ കാര്യങ്ങളൊക്കെ ഡിസ്‌കസ് ചെയ്യാറുണ്ട്. അതുപോലെ ആത്മാർത്ഥമായ ഫീഡ്ബാക്കും കിട്ടാറുണ്ട്. ഒരു ലിസണർ ലെവലിൽ നിന്ന് നോക്കുമ്പോൾ, എന്റെ എഴുത്ത് നല്ലതല്ലെന്ന് തോന്നിയാൽ എന്നെ തേച്ചൊട്ടിക്കാറുമുണ്ട്‌. രണ്ടു മക്കൾ; സാമുവെൽ, ഐസെയ. ഇവർക്കും മലയാള സിനിമകൾ ഇഷ്ടമാണ്. ഞങ്ങൾ ഒന്നിച്ചാണ് 2018 കണ്ടതും.

മഴക്കൊരു താളമുണ്ട്‌, ലിറിക്സിലും അത് പ്രതിഫലിപ്പിക്കാൻ ശ്രമിച്ചിരുന്നോ ?

മഴയുമായി ബന്ധപ്പെട്ടാണ് ഇതിലെ അഞ്ചു പാട്ടുകളും വരുന്നതെങ്കിലും, ഓരോ പാട്ടും മഴയുടെ വിവിധങ്ങളായ ഷേഡുകൾ ഓരോന്നിനെക്കുറിച്ചുമാണ് പറയുന്നത്. ആദ്യ ഗാനം മഴ രൗദ്രഭാവം തുടങ്ങുന്നതിനു മുൻപാണ്. മഴയിൽ തിമിർത്തുല്ലസിക്കുന്ന നാടാണ് ഫ്രെയിമിൽ. രണ്ടാമത്തെ ഗാനം മഴ ഓരോരുത്തരുടെയും ജീവിതത്തിൽ പ്രതിഫലിക്കുന്നത് കാണിക്കുന്ന സീനുകൾ കോർത്തിണക്കിയതാണ്. മൂന്നാമത്തെ ഗാനം മഴ ശമിച്ചതിനു ശേഷം വീണ്ടും പ്രതീക്ഷകൾക്ക് നാമ്പ് മുളക്കുന്നിടത്ത് വരുന്നു. സംഗീതസംവിധായകൻ നോബിന്റെ മകൾ എസ്മ ഈ ഗാനം അതിമനോഹരമായി പാടിയിട്ടുണ്ട്. ബാക്കി രണ്ടു ഗാനങ്ങൾ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി വരുന്ന സീനുകൾക്കായി ഒരുക്കിയിരിക്കുന്നു. കെ എസ്‌ ഹരിശങ്കറും 2018-ൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

പുതിയ പ്രോജക്റ്റുകൾ/സിനിമകൾ?

കിംഗ് ഓഫ് കൊത്ത‌, ഒരു റൊണാൾഡോ ചിത്രം, നമുക്ക് കോടതിയിൽ കാണാം തുടങ്ങിയ കുറച്ചു ചിത്രങ്ങളിൽ പാട്ടെഴുതിയിട്ടുണ്ട്.

ഗാനരചയിതാക്കൾക്ക് ഇന്ന് അർഹമായ സ്ഥാനം കിട്ടുന്നുണ്ടെന്ന് തോന്നുന്നുണ്ടോ?

ഗാനസ്രഷ്ടാക്കളിലൊരാൾ എന്ന നിലയിൽ ഗാനരചയിതാക്കൾ വളരെ പ്രാധാന്യം അർഹിക്കുന്നുവെങ്കിലും പലയിടങ്ങളിലും പലതരത്തിലും അവർ തഴയപ്പെടുന്നുണ്ട്. കവർ സോങ്ങുകളും, ചില റേഡിയോ സ്റ്റേഷനുകളും മറ്റും പാട്ടെഴുതുന്നയാളുടെ പേര് പറയാൻ പോലും മറക്കുകയോ മടിക്കുകയോ ചെയ്യുന്നു. ഈ പ്രവണതയിൽ മാറ്റം വരേണ്ടത് അനിവാര്യമാണ്. മലയാളസിനിമാഗാനരചയിതാക്കളുടെ കൂട്ടായ്മയായ ‘രചന’യിലൂടെയും, IPRS-ലൂടെയും ഗാനരചയിതാക്കൾക്ക് അർഹതപ്പെട്ട ക്രെഡിറ്റ്‌, റോയൽറ്റി തുടങ്ങിയവയിൽ കാര്യങ്ങൾ മാറി വരുന്നതിന്റെ ശുഭസൂചനകൾ കാണുന്നുണ്ട്.

YouTube links:

https://youtu.be/LVbbzfQ9dac

https://youtu.be/Qn8uH_BkFiI

Print Friendly, PDF & Email

Leave a Comment

More News