നിലമ്പൂർ: നിലമ്പൂർ ജില്ലാശുപത്രിയിൽ പ്രസവ വാർഡിൽ രോഗികൾക്ക് ആവശ്യമായ ബെഡുകൾ പോലുമില്ലാത്ത വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി നിലമ്പൂർ ബസ്റ്റാന്റ് പരിസരത്ത് സായാഹ്ന ധർണ സംഘടിപ്പിച്ചു. പുരുഷ വാർഡിൽ നിന്നും സ്ത്രീകളുടെ വാർഡിലേക്ക് ബെഡുകൾ മാറ്റി താൽക്കാലികമായി ഓട്ടയടക്കുന്ന പരിപാടിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. എട്ടു വർഷം മുൻപ് പണി തുടങ്ങിയ മാതൃ ശിശു സംരക്ഷണ ബ്ലോക്ക് ഇനിയും പണി പൂർത്തിയാക്കിയിട്ടില്ല. ആദിവാസികൾ അടക്കമുള്ള മലയോരത്ത് താമസിക്കുന്ന പിന്നോക്ക വിഭാഗങ്ങളുടെ ജീവൻ വച്ചാണ് സർക്കാറുകൾ പന്താടുന്നതെന്ന് വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് കൃഷ്ണൻ കുനിയിൽ പറഞ്ഞു. മാറി മാറി ഭരിച്ച ഭരണകൂടങ്ങൾ മലപ്പുറത്തോട് കാണിച്ച വിവേചന ഭീകരതയുടെ പരിണിത ഫലമാണ് ഇന്നും നാം അനുഭവിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ പാർട്ടി ആവിഷ്‌കരിക്കുമെന്നും കൃഷ്ണൻ കുനിയിൽ പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ജില്ലാ വൈസ് പ്രസിഡണ്ട് സുഭദ്ര വണ്ടൂർ, ജില്ലാ സെക്രട്ടറി ബിന്ദു പരമേശ്വരൻ, മജീദ് ചാലിയാർ, മൊയ്തീൻ അൻസാരി, ആസിഫ് മമ്പാട്,ഹമീദ് നിലമ്പൂർ, ലത്തീഫ് മാസ്റ്റർ എന്നിവർ സംസാരിച്ചു.