ഹൂസ്റ്റൺ: ജൂൺ 9, 10,11 തീയതികളിൽ ന്യൂയോർക്കിൽ വച്ച് നടക്കുന്ന മൂന്നാം ലോകകേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ പങ്കെടുത്ത് പ്രവാസി സമൂഹം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ ശക്തമായി ഉന്നയിക്കുമെന്ന് നിലവിൽ ലോക കേരളാ സഭാംഗവും ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) ചെയർമാനുമായ ജെയിംസ് കൂടൽ പറഞ്ഞു.
പ്രവാസികളുടെ പ്രശ്നങ്ങൾ ശക്തമായി ഉന്നയിക്കുന്നതിനു അമേരിക്കയിൽ ലഭിക്കുന്ന ഉചിതമായ വേദി എന്ന നിലയിൽ ഈ സമ്മേളനത്തിൽ പങ്കെടുത്ത് പ്രവാസി വിഷയങ്ങൾ അവതരിപ്പിയ്ക്കുവാൻ അവസരം ലഭിക്കുമെന്നുള്ള ഉറച്ച പ്രതീക്ഷയിലാണ് ജെയിംസ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. തിരുവനന്തപുരത്തു വച്ച് നടത്തിയ ലോക കേരളാസഭ സമ്മേളനത്തിലും ജെയിംസ് പങ്കെടുത്ത് നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നു.
കേരത്തിൽ നിക്ഷേപം നടത്തുവാൻ ഒട്ടും തന്നെ പര്യാപ്തമല്ല എന്ന് ഒരു ഇടതുപക്ഷ എംഎൽഎ പോലും പറയുന്ന ഒരു സാഹചര്യം നിലനിൽക്കുമ്പോൾ പ്രവാസികളുടെ നിക്ഷേപം കേരളത്തിൽ എങ്ങനെ ഉപയോഗപെടുത്തണം, പ്രവാസികളുടെ നാട്ടിലെ സ്വത്തിന്റെ സംരക്ഷണം, അമേരിക്കയിലും കാനഡയിലും പഠിക്കുവാൻ എത്തുന്ന വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ, കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ, പ്രവാസ ജീവിതത്തിനു ശേഷം കേരളത്തിൽ സ്ഥിരതാമസത്തിനായി ആഗ്രഹിക്കുന്ന പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ, തുടങ്ങി നിരവധി വിഷയങ്ങൾ സംബന്ധിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതായിരിക്കുമെന്നും മുഖ്യമന്ത്രിയുമായും മറ്റു ജനപ്രതിനിധികളുമായും നേരിട്ട് കണ്ട് ചർച്ചകൾ നടത്തുന്നതായിരിക്കുമെന്നും ജെയിംസ് കൂടൽ അറിയിച്ചു.