മലപ്പുറം: തിരൂർ സ്വദേശി ഹോട്ടള്‍ ഉടമയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ചുരത്തില്‍ ഉപേക്ഷിച്ച സംഭവത്തിൽ ട്രോളി ബാഗ് കണ്ടെത്തിയതായി സൂചന. അട്ടപ്പാടി ഒമ്പതാം വളവിൽ നിന്നാണ് ബാഗ് കണ്ടെത്തിയത്. രണ്ട് പെട്ടികളിലായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ എന്ന് അന്വേഷണ സംഘം പറഞ്ഞു.
തിരൂര്‍ സ്വദേശി സിദ്ദിഖ് (58) ആണ് കൊല ചെയ്യപ്പെട്ടത്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ചാണ് സിദ്ദിഖ് കൊല്ലപ്പെട്ടത്. ശേഷം മൃതദേഹം കഷണങ്ങളാക്കി ബാഗിലിട്ട് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. സംഭവത്തിൽ സിദ്ദിഖിന്റെ സ്ഥാപനത്തിലെ ജീവനക്കാരായ രണ്ടുപേര്‍ പിടിയിലായിരുന്നു. മണ്ണാർക്കാട് സ്വദേശികളായ ഷിബിലി, ഫര്‍ഹാന എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഫർഹാനയുടെ സഹോദരൻ ഷുക്കൂറിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.
കൊലപാതകം നടന്നതായി സംശയിക്കുന്ന തിരൂർ എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.