തിരുവനന്തപുരം: ഇന്ത്യയുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള സെങ്കോലുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇത്രയും കാലം രഹസ്യമാക്കി വെച്ചതിന്റെ കാരണങ്ങൾ വ്യക്തമാക്കി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഈ രാജ്യം അതിന്റെ സ്വത്വം തിരിച്ചറിയരുത് എന്നതാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അലഹബാദ് ആനന്ദഭവൻ മ്യൂസിയത്തിന്റെ അലമാരയിൽ നിന്ന് ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് ധർമ്മ ദണ്ഡ് മടങ്ങുമ്പോൾ ഒരു സാധാരണ ഇന്ത്യക്കാരന്റെ മനസ്സിൽ ഉയരുന്ന ചില ചോദ്യങ്ങൾ:
1. ഭാരത ചരിത്രത്തിൽ നടന്ന ഈ സുപ്രധാന സംഭവം പുതിയ തലമുറ അറിയേണ്ട എന്ന് തീരുമാനിച്ചത് ആരാണ്?
2. എന്തായിരുന്നു ആ തീരുമാനത്തിന് കാരണം?
3. ഇന്ത്യൻ പ്രധാനമന്ത്രിക്ക് കിട്ടിയ ഈ അമൂല്യ സ്വത്ത് നെഹ്‌റുവിന് ‘ആരോ സമ്മാനിച്ച ഊന്നു വടി’ എന്ന് രേഖപ്പെടുത്തി ആനന്ദഭവൻ മ്യൂസിയത്തിലെ അലമാരയിൽ സൂക്ഷിച്ചത് എന്തിന്?
4. എന്ത് കൊണ്ടാണ് ചെങ്കോൽ മൗണ്ട്ബാറ്റൺ കൈമാറാതെ തിരുവാടുതുറൈ മഠാധിപതിയെക്കൊണ്ട് നൽകിച്ചത്?
ആദ്യ മൂന്ന് ചോദ്യങ്ങൾക്കും ഉത്തരം ഒന്നേയുള്ളൂ.
ഈ നാട് അതിന്റെ സ്വത്വം തിരിച്ചറിയരുത് എന്ന കുബുദ്ധി. നാലാമത്തെ ചോദ്യത്തിനുള്ള മറുപടി അൽപ്പം സങ്കീർണ്ണമാണ്. അധികാര ദണ്ഡ് കൈമാറാതെ മൗണ്ട് ബാറ്റൺ മാറി നിന്നതിൽ നിന്ന് ചിലത് വ്യക്തമാകുന്നുണ്ട്. പ്രാചീന ഭാരതത്തിൽ രാജാവിനെ വാഴിക്കുന്നത് ധർമ്മ ഗുരുക്കന്മാരാണ്, അല്ലാതെ സ്ഥാനം ഒഴിയുന്ന ഭരണാധികാരി അല്ല. അത് അംഗീകരിച്ച ബ്രിട്ടീഷുകാരൻ അധികാര കൈമാറ്റ ചടങ്ങ് ആധ്യാത്മിക ആചാര്യനെ ഏൽപ്പിച്ച് മാറി നിന്നു.
നെഹ്രുവിന്റെ ഭരണം എന്നത് പ്രാചീന ഭാരതത്തിലെ ഭരണ ക്രമത്തിന്റെ തുടർച്ച മാത്രമാണ്. ബ്രിട്ടീഷുകാരൻ വന്നതിന് ശേഷമല്ല ഭാരതം ഉണ്ടായത് എന്ന് അറിയുന്ന മൗണ്ട് ബാറ്റൺ ഔചിത്യം കാണിച്ച് മാറി നിന്നു.
കാവേരി നദിക്കരയിൽ ഇരുന്ന് ഇന്നത്തെ ശ്രീലങ്ക മുതൽ സിംഗപ്പൂർ വരെയുള്ള പ്രദേശം ഭരിച്ചിരുന്ന ചോള സാമ്രാജ്യം നമ്മുടെ ഗതകാല പ്രൗഢിയുടെ പ്രതീകമാണ്. (അല്ലാതെ കട്ടിംഗ് സൗത്ത് ടീംസിന്റെ ഉടായിപ്പ് പ്രചരണം അല്ല യഥാർത്ഥ ഭാരത ചരിത്രം.) ആ സുവർണ്ണ കാലത്തിന്റെ പിന്തുടർച്ച ആവണം ആധുനിക ഭാരതം എന്ന മഹത്തായ സങ്കൽപ്പവും തീരുമാനത്തിന് പിന്നിലുണ്ട്.
എന്നാൽ ഭാരതത്തോട് സായിപ്പിന് ഉണ്ടായിരുന്ന സങ്കൽപ്പം പോലും കറുത്ത സായിപ്പന്മാർക്ക് ഉണ്ടായിരുന്നില്ല എന്നതിന് പിൽക്കാല ചരിത്രം സാക്ഷി. ആരോടോ അച്ചാരം വാങ്ങി ഈ നാടിനെ ഒറ്റു കൊടുത്തവർക്ക് ചില തലമുറകളെ മറവിയുടെ കയത്തിലേക്ക് തള്ളിയിടാൻ കഴിഞ്ഞു എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ എല്ലാക്കാലവും എല്ലാവരെയും പറ്റിക്കാൻ സാധിക്കില്ല എന്ന ചരിത്ര സത്യത്തിന് മുന്നിൽ വ്യാജ നിർമ്മിതികൾ തകരുകയാണ്. അതിന് സാക്ഷികളാകാൻ ഭാഗ്യം സിദ്ധിച്ച തലമുറയാണ് നമ്മൾ.
+++++++++++
ചിത്രം 1,2 അലഹബാദ് ആനന്ദഭവൻ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ചെങ്കോലിൻ്റെ ചിത്രം.
3. അധികാര കൈമാറ്റ ചടങ്ങിനെ പറ്റി ഹിന്ദു ദിനപ്പത്രത്തിൽ 1947 ആഗസ്റ്റ് 11 ന് വന്ന വാർത്ത.
4. അഖില ഭാരതീയ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ശ്രീ. ജെ നന്ദകുമാർ ജിയുടെ ട്വീറ്റ്. ചിത്രങ്ങൾക്ക് നന്ദേട്ടൻ്റെ ട്വീറ്റിനോട് കടപ്പാട്.