അടിമാലി: വൈദികന്റെ വേഷം കെട്ടി ഹോട്ടൽ വ്യവസായിയുടെ 34 ലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. തൊടുപുഴ അരിക്കുഴ സ്വദേശി അനിൽ വി. കൈമൾ (38) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിയായ ഹോട്ടൽ വ്യവസായി ബോസിനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത മൂവര്‍ സംഘത്തിലെ മറ്റു രണ്ടു പേരെ പോലീസ് തിരയുന്നുണ്ട്. കപ്യാരായും പാചകക്കാരനായും വേഷം കെട്ടിയവരാണവരെന്ന് പോലീസ് പറഞ്ഞു.
ചിത്തിരപുരം സ്വദേശി ഫാ. അനിൽ പോൾ (പോളച്ചൻ) എന്ന വ്യാജേനയാണ് ബോസിനെ ഇയാള്‍ ഫോണിൽ പരിചയപ്പെടുന്നത്. ഒരു പുരോഹിതനെപ്പോലെ സംസാരിച്ചു വ്യവസായിയുടെ വിശ്വാസം നേടിയെടുത്തഇയാള്‍, മൂന്നാറിൽ കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങാമെന്നും 34 ലക്ഷം രൂപയുമായി 19ന് ചിത്തിരപുരത്ത് എത്തണമെന്നും നിർദേശിച്ചു. തുടർന്ന് വ്യവസായി അവിടെയെത്തി അനിലിനെ ഫോണിൽ വിളിച്ചപ്പോള്‍ സഹായിയായ കപ്യാർ സ്ഥലത്തെത്തുമെന്നും, പണം നിറച്ച ബാഗ് സഹായിയെ കാണിക്കുമെന്നും പണം കൈമാറരുതെന്നും പറഞ്ഞു.
എന്നാൽ പണമടങ്ങിയ ബാഗ് തുറന്നു പണം കാണിക്കുന്നതിനിടെ വ്യവസായിയെ തള്ളിയിട്ട് കപ്യാരുടെ വേഷത്തിൽ വന്നയാൾ പണവുമായി കടന്നുകളയുകയായിരുന്നു. തുടർന്നാണ് വ്യവസായി വെള്ളത്തൂവൽ പോലീസിൽ പരാതി നൽകിയത്.
ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് മൈസൂരുവിന് സമീപം നഞ്ചൻകോടു നിന്ന് അനിലിനെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈയ്യിൽ നിന്ന് ആറര ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്.