തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് മുതൽ മെയ് 30 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയും മിന്നലോടും കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകള്‍:
26-05-2023: പത്തനംതിട്ട, എറണാകുളം, ഇടുക്കി 27-05-2023: പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി 28-05-2023: പത്തനംതിട്ട, ഇടുക്കി 29-05-2023: ആലപ്പുഴ, കോട്ടയം, എറണാകുളം
മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നു മുതൽ മെയ് 28 വരെ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം തീരപ്രദേശങ്ങളിലും ഇടനാടുകളിലും മഴ കിട്ടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിക്കുന്നു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാം ഘട്ട മൺസൂൺ പ്രവചന പ്രകാരം ഇത്തവണ ജൂൺ മുതൽ സെപ്തംബർ വരെയുള്ള സീസണിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് പറയുന്നുണ്ട്. എന്നാൽ ജൂണിൽ ചിലയിടങ്ങളിൽ കൂടുതലും ചില പോക്കറ്റുകളിൽ കൂടുതലും മഴ ലഭിക്കാൻ സാധ്യതയെന്നും വ്യക്തമാക്കുന്നു. ജൂൺ മാസത്തിൽ സാധാരണ അനുഭവപ്പെടുന്നതിനേക്കാൾ ചൂട് കൂടാൻ സാധ്യതയെന്നും ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.