ഇടുക്കി: കമ്പം ജനവാസകേന്ദ്രത്തിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാൻ തമിഴ്നാട്. തമിഴ്നാട് വനംവകുപ്പ് ആനയെ മയക്കുവെടിവെച്ച് പിടികൂടാന്‍ ഉത്തരവിറക്കി. രാവിലെ മുതൽ കമ്പത്ത് ആന ഭീതി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മയക്കുവെടി വെച്ച് ആനയെ പിടികൂടാന്‍ ഒരുങ്ങുന്നത്.
ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങിയാല്‍ വലിയ അപകടമുണ്ടാക്കുമെന്ന അഭിപ്രായത്തിലാണ് വനംവകുപ്പ്. ഇതേത്തുടർന്നാണ് മയക്കുമരുന്ന് വെടിവയ്ക്കാൻ തീരുമാനിച്ചത്. 1972ലെ വന്യജീവി നിയമത്തിലെ സെക്ഷൻ 11(എ) പ്രകാരമാണ് ആനയെ മയക്കുവെടി വെയ്ക്കുന്നത്. തുടർന്ന് ആനയെ ഉള്‍ക്കാട്ടിലേക്ക് മാറ്റും.
നിലവിൽ വനംവകുപ്പ് അധികൃതർ ആനയെ പിന്തുടർന്നുകൊണ്ടിരിക്കുകയാണ്. നാളെ രാവിലെയോടെ മയക്കുവെടിവച്ച് പിടികൂടാനാണ് തീരുമാനം. അതേസമയം ആന വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങാൻ സാദ്ധ്യതയുള്ളതിനാൽ കമ്പത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കാനാണ് ആളുകൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
നിലവിൽ പുളിമരതോട്ടത്തിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. ആനയ്ക്ക് വനംവകുപ്പ് ഭക്ഷണം നൽകിയിട്ടുണ്ട്. ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ ആകാശത്തേക്ക് വെടിവച്ചാണ് വനംവകുപ്പ് തുരത്തിയത്. രാവിലെയോടെയാണ് ആന കമ്പത്തെ ജനവാസ മേഖലയിൽ എത്തിയത്. ആനയുടെ ആക്രമണത്തിൽ പ്രദേശവാസികൾക്ക് പരിക്കുണ്ട്.