കൊല്ലം: പ്ലസ്ടു പരീക്ഷാഫലം മേയ് 25ന് പ്രസിദ്ധീകരിച്ചതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് ഫലം പിൻവലിച്ചെന്ന് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച പഞ്ചായത്ത് അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്ത് എട്ടാം വാർഡിലെ ബിജെപി അംഗം നിഖിൽ മനോഹറാണ് കന്റോൺമെന്റ് പോലീസിന്റെ പിടിയിലായത്.
ഒരു യൂട്യൂബർ കൂടിയായ നിഖിൽ മനോഹർ ‘വീ ക്യാൻ മീഡിയ’ എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ നടത്തുന്നു. ഈ ചാനലിലൂടെയാണ് സർക്കാർ പരീക്ഷാഫലം പിൻവലിച്ചതു പോലെ വീഡിയോ ഉണ്ടാക്കി പോസ്റ്റ് ചെയ്തത്.
വീഡിയോ പുറത്തുവന്നതോടെ ആശങ്കയിലായ വിദ്യാർത്ഥികളും സ്കൂൾ അധികൃതരും അന്വേഷണവുമായി രംഗത്തു വന്നതോടെയാണ് വീഡിയോ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തെക്കുറിച്ച് വ്യാപകമായ പരാതി ഉയരുകയും വിദ്യാഭ്യാസ വകുപ്പ് ഡി.ജി.പിക്ക് പരാതി നൽകുകയും ചെയ്തതോടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തത്.
നിലവിൽ പഞ്ചായത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുന്ന നിഖിലിന്റെ നേതൃത്വത്തിൽ വാർഡിലെ യുവതി-യുവാക്കർക്ക് സൗജന്യ പി.എസ്.സി പരിശീലനം നത്തിയിരുന്നു.
അതേസമയം വീഡിയോയെക്കുറിച്ചുള്ള വിശദീകരവുമായി നിഖിൽ മനോഹർ തന്റെ യൂ ട്യൂബ് ചാനലിലൂടെ രംഗത്ത് വന്നു.
പ്ലസ് ടു പരീക്ഷാഫലത്തിൽ ഉൾപ്പെട്ട ചില വിദ്യാർത്ഥികളുടെ ഫലം പിൻവലിച്ചു എന്ന വാർത്തായാണ് കൊടുത്തതെന്നും ഈ വാർത്തയുടെ അടിസ്ഥാനം ഒരു പ്രമുഖ പത്രത്തിൽ വന്ന വാർത്തയാണെന്നും നിഖിൽ മനോഹർ വിശദീകരിക്കുന്നു.
ചില വിദ്യാർത്ഥികൾക്ക് പ്ലസ് വൺ ന്റെ പുനർമൂല്യ നിർണയത്തിലൂടെ ലഭിച്ച മാർക്ക് ഉൾപ്പെടുത്താൻ കഴിയാത്തതിനാൽ അവരുടെ ഫലം പിൻവലിച്ച് വീണ്ടും പ്രസിദ്ധീകരിക്കും എന്നായിരുന്നു വീഡിയോയുടെ ഉള്ളടക്കമെന്നും വീഡിയോയുടെ മുകളിൽ കൊടുത്ത കാപ്ഷനിൽ വന്ന പിഴവാണ് തെറ്റിധാരണക്കിടയാക്കിയതെന്നും അത് പിന്നീട് തിരുത്തിയെന്നും നിഖിൽ മനോഹർ തന്റെ യൂ ട്യൂബ് ചാനലിലൂടെ പറഞ്ഞു.