കൊണ്ടോട്ടി: മലബാർ മേഖലയിൽ ഹയർ സെക്കന്ററി വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്ന സീറ്റ് അപര്യാപ്തത പരിഹരിക്കണമെന്ന മലബാറിലെ വിദ്യാർത്ഥികളുടെ ആവശ്യത്തെ ഒറ്റു കൊടുക്കുന്ന പണിയാണ് എസ്.എഫ്.ഐ അടക്കമുള്ള ഇടത് പക്ഷ വിദ്യാർത്ഥി സംഘടനകൾ ചെയ്യുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്രിൻ. എല്ലാ വർഷത്തെയും പോലെ നിലവിലുള്ള ക്ലാസുകളിൽ സീറ്റുകളുടെ എണ്ണം കൂട്ടി വിദ്യാർത്ഥികളെ കുത്തിനിറക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിന് ഒപ്പം നിന്ന് മലബാറിലെ വിദ്യാർഥികളുടെ അവകാശ സമരത്തെ വഞ്ചിക്കുകയാണ് എസ്.എഫ്.ഐ. കാർത്തികേയൻ കമ്മീഷൻ അടക്കം മുന്നോട്ട് വെച്ചത് പോലെ പുതിയ ഹയർസെക്കന്ററി ബാച്ചുകൾ മലബാർ മേഖലയിൽ അനുവദിക്കുക മാത്രമാണ് സീറ്റ് അപര്യാപ്തതക്കുള്ള പരിഹാരമെന്നും കെ.എം.ഷെഫ്രിൻ അഭിപ്രായപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി കൊണ്ടോട്ടിയിൽ വെച്ച് സംഘടിപ്പിച്ച ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ സംഗമം ‘ഉയരെ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദിൽ അബ്ദുറഹീം, അർച്ചന പ്രജിത്ത്, തഷ്രീഫ് കെ.പി, ഷഹീൻ നരിക്കുനി, റാനിയ സുലൈഖ, കെ.കെ അഷ്റഫ്, അജ്മൽ കെ.പി, അമീൻ കാരക്കുന്ന്, നൗഫ ഹാബി, ജംഷീൽ അബൂബക്കർ എന്നിവർ വിവിധ സെഷനുകൾ നയിച്ചു. ക്യാമ്പ് ഇന്ന് സമാപിക്കും.