പാലക്കാട്: ഭരണകൂട വിവേചനം നേരിടുന്ന ജില്ലയിലെ പിന്നോക്ക പ്രദേശങ്ങളിലൂടെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി നടത്തുന്ന അവകാശ പ്രഖ്യാപന യാത്രക്ക് പ്ലാച്ചിമട സമരഭൂമിയിൽ വൻ സ്വീകരണം. കോളക്കമ്പനിക്ക് മുന്നിൽ സമര ഐക്യദാർഢ്യ സംഗമം നടന്നു. കൊക്കക്കോള വിരുദ്ധ സമപോരാളികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകി. ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റംഗം സമദ് പുതുപ്പള്ളിതെരുവ് പ്ലാച്ചിമട സമര സമിതി ചെയർമാൻ വിളയോടി വേണുഗോപലന്‍ വിദ്യാർത്ഥികൾക്കുള്ള പഠനക്കിറ്റുകൾ കൈമാറി. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് നൗഷാദ്, മുരുകൻ, ജലാലുദ്ദീൻ, പഴനിച്ചാമി, സൈദ് പറക്കുന്നം, ഭാഗ്യ അമ്മാൾ, തങ്കവേലു എന്നിവർ സംസാരിച്ചു.
ഫ്രറ്റേണിറ്റി അവകാശ പ്രഖ്യാപന യാത്ര കഴിഞ്ഞ ദിവസം വീടുകൾ കത്തിനശിച്ച കൊല്ലങ്കോട് പറത്തോട് കോളനിയിലും പര്യടനം നടത്തി. വരും ദിവസങ്ങളിൽ അട്ടപ്പാടി, ജില്ലയിലെ കിഴക്കൻ മേഖലകളിലെ പിന്നോക്ക പ്രദേശങ്ങൾ എന്നിവിടങ്ങളിലടക്കം പര്യടനം നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.