കോട്ടയം: ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കെ.കെ. സോമനെ 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. കോട്ടയം ജില്ലയിലെ ഒരു വാണിജ്യ സ്ഥാപനത്തിന്റെ ജോലി ഏറ്റെടുത്ത കരാറുകാരന്റെ ഇലക്‌ട്രിക്കൽ ഡ്രോയിംഗ് അംഗീകരിക്കാൻ സ്ഥലപരിശോധനയ്‌ക്ക് പോയപ്പോഴാണ് സോമൻ പരാതിക്കാരനിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയത്.
തുടർന്ന് ഡ്രോയിംഗ് അപ്രൂവൽ ചെയ്യുന്നതിനുവേണ്ടി വീണ്ടും 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിക്കാരൻ വിവരം കോട്ടയം കിഴക്കൻ മേഖല പൊലീസ് സൂപ്രണ്ട് വിനോദ് കുമാറിനെ അറിയിച്ചു.ബുധനാഴ്ച രാവിലെ ഓഫീസിൽവെച്ച് ഇയാളിൽനിന്നും പണം വാങ്ങി പേഴ്സിലേക്ക് വെക്കുന്നതിനിടെയാണ് വിജിലൻസ് ഉദ്യോഗസ്ഥരെത്തി സോമനെ പിടികൂടിയത്. കോട്ടയം വിജിലൻസ് എസ്.പി വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്.
നേരിട്ടുള്ള പണമിടപാടിന് പുറമെ ഗൂഗിൾ പേ വഴി മാത്രം വിവിധ കരാറുകാരിൽ നിന്ന് 2,85,000 രൂപ ഇയാള്‍ വാങ്ങിയിട്ടുണ്ടെന്ന് പറയുന്നു. ഇയാൾ അടുത്തിടെ തിരുവല്ല നിരണത്ത് ആഡംബര വീട് നിർമിച്ചതായി വിജിലൻസ് കണ്ടെത്തി. തിരുവനന്തപുരത്ത് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറായി സ്ഥാനക്കയറ്റം ലഭിച്ച് കോട്ടയം വിടേണ്ടിയിരുന്ന അവസാന ദിവസം കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഈ ഉന്നത ഉദ്യോഗസ്ഥൻ കുടുങ്ങിയത്.