ദാമോ (മധ്യപ്രദേശ്): ഹിന്ദു പെൺകുട്ടികളെ ഹിജാബ് ധരിക്കാൻ നിർബന്ധിച്ചെന്ന പരാതിയിൽ മധ്യപ്രദേശിലെ ദാമോയിലെ സ്വകാര്യ സ്‌കൂളിനെതിരെ കേസെടുത്തു. ഒരു മാധ്യമത്തില്‍ വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഈ സ്‌കൂളിന്റെ അംഗീകാരം ശിവരാജ് സർക്കാർ റദ്ദാക്കുകയായിരുന്നു.
ദാമോയിലെ ഗംഗാ ജമുന ഹയർസെക്കൻഡറി സ്‌കൂളിലാണ് സംസ്ഥാന സർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. സ്‌കൂൾ അംഗീകാര നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടി. ഇത് മാത്രമല്ല, ജോയിന്റ് ഡയറക്ടർ പൊതുവിദ്യാഭ്യാസ അസിസ്റ്റന്റ് ഡിവിഷനും (സാഗർ) ഈ നടപടി സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുണ്ട്.
ഈ സ്വകാര്യ സ്‌കൂളിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ഹിജാബ് ധരിക്കുന്ന സംഭവമുണ്ടായി എന്നാണ് റിപ്പോര്‍ട്ട്. ഹിന്ദു സംഘടനകളുടെ പരാതിയെ തുടർന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ നഗരത്തിലാകെ സംഘർഷാവസ്ഥയുണ്ടായി. സ്‌കൂളിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈന്ദവ സംഘടനകൾ കലക്ടറുടെ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. മധ്യപ്രദേശ് സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി ഇന്ദർ സിംഗ് പർമറും വിഷയത്തിൽ പ്രസ്താവന ഇറക്കിയിരുന്നു.
സ്‌കൂൾ മാനേജ്‌മെന്റ് ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ഹിജാബ് ധരിക്കാൻ പ്രേരിപ്പിക്കുകയാണെങ്കിൽ ദാമോ കളക്ടർ നടപടിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വിദ്യാർത്ഥിനികളുടെ കുടുംബത്തിൽ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടോ എന്നും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഈ വിഷയത്തിൽ സ്കൂൾ വസ്ത്രത്തിൽ ശിരോവസ്ത്രം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സ്കൂൾ ഉടമ മുഷ്താഖ് ഖാൻ വ്യക്തമാക്കിയിരുന്നു. അത് ധരിക്കാൻ ആരെയും നിർബന്ധിച്ചിട്ടില്ല. പെൺകുട്ടികളെ ബുർഖയും ഹിജാബും ധരിക്കാൻ നിർബന്ധിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) ചെയർമാൻ പ്രിയങ്ക് സിംഗ് പറഞ്ഞിരുന്നു.